
ലക്‌നൗ: എസ്യുവി കാറും 25 ലക്ഷം രൂപയും ഉള്‍പ്പെടെ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടു ഭര്‍തൃവീട്ടുകാര്‍ ബലമായി യുവതിക്കു എച്ച്‌ഐവി കുത്തിവച്ചെന്നു ആരോപണം. യുവതിയുടെ പിതാവാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഗംഗോ കോട്വാലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണു സംഭവം. കോടതി ഉത്തരവിനെ തുടര്‍ന്നു കേസ് റജിസ്റ്റര്‍ ചെയ്‌തെന്നു പൊലീസ് പറഞ്ഞു.
ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ സ്വദേശിയായ അഭിഷേക് എന്ന സച്ചിനുമായി മകള്‍ സോനാലിന്റെ വിവാഹം 2023 ഫെബ്രുവരി 15നാണു നടന്നത്. സ്ത്രീധനമായി കാറും 15 ലക്ഷം രൂപയും നല്‍കി. എന്നാല്‍, ഭര്‍തൃവീട്ടുകാര്‍ സന്തുഷ്ടരായില്ല. എസ്യുവി കാറും 25 ലക്ഷം രൂപയും കൂടി വേണമെന്നായിരുന്നു അവരുടെ ആവശ്യമെന്ന് പിതാവ് നല്‍കിയ പരാതില്‍ പറയുന്നു.

ഇത്രയും വലിയ സ്ത്രീധനം നല്‍കാനാകില്ലെന്നു യുവതിയുടെ കുടുംബം അറിയിച്ചു. ഇതോടെ ഭര്‍തൃവീട്ടുകാര്‍ യുവതിയെ വീട്ടില്‍നിന്നു പുറത്താക്കി. ഹരിദ്വാറിലെ ജസ്വാവാല പഞ്ചായത്ത് അധികൃതര്‍ ഇടപെട്ടു യുവതിയെ ഭര്‍തൃവീട്ടിലേക്കു തിരിച്ചയച്ചു. എന്നാല്‍ യുവതി വീണ്ടും ശാരീരികവും മാനസികവുമായ പീഡനം സഹിക്കേണ്ടി വന്നു. എച്ച്‌ഐവി ബാധിതന്‍ ഉപയോഗിച്ച സിറിഞ്ച് കുത്തിവച്ചു യുവതിയെ കൊല്ലാന്‍ ഭര്‍തൃവീട്ടുകാര്‍ ഗൂഢാലോചന നടത്തിയതായും പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു.
യുവതിയുടെ ആരോഗ്യം മോശമായതോടെ മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചു. വൈദ്യപരിശോധനയില്‍ എച്ച്‌ഐവി ബാധയുണ്ടെന്നു ഡോക്ടര്‍മാര്‍ കണ്ടെത്തി. ഭര്‍ത്താവ് അഭിഷേകിനെ പരിശോധിച്ചപ്പോള്‍ എച്ച്‌ഐവി നെഗറ്റീവാണ്. പെണ്‍കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
തുടര്‍ന്നാണു കോടതിയെ സമീപിച്ചത്. കോടതി ഉത്തരവു പ്രകാരം അഭിഷേകിനെതിരെയും മാതാപിതാക്കള്‍ അടക്കമുള്ള മറ്റു കുടുംബാംഗങ്ങള്‍ക്കെതിരെയും ഗംഗോ കോട്വാലി പൊലീസ് കേസെടുക്കുകയായിരുന്നു. സ്ത്രീധന പീഡനം, ആക്രമണം, കൊലപാതകശ്രമം തുടങ്ങിയ ഗുരുതര വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്.