
ചണ്ഡീഗഡ്: അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുമായെത്തിയ രണ്ടാമത് അമേരിക്കന്‍ വിമാനം അമൃത്സറിലെത്തി. അമേരിക്കന്‍ സൈനിക വിമാനമായ ബോയിങ് സി17 ഗ്ലോബ് മാസ്റ്റര്‍ വിമാനമാണ് ഇന്നലെ രാത്രി 11:40 ന് അമൃത്സറിലെത്തിയത്. 119 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
വിമാനത്തിലെ യാത്രക്കാരില്‍ 67 പേര്‍ പഞ്ചാബികളാണ്. ഹരിയാനക്കാരായ 33 പേരും ഗുജറാത്ത് സ്വദേശികളായ 8 പേരും ഉത്തര്‍പ്രദേശ് സ്വദേശികളായ 3 പേരും, മഹാരാഷ്ട്ര രാജസ്ഥാന്‍ സ്വദേശികളായ രണ്ട് പേരും ജമ്മുകശ്മീര്‍ ഹിമാചല്‍പ്രദേശ് ഗോവ സ്വദേശികളായ ഓരോരുത്തരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

ഇവരെ സ്വീകരിക്കാന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രവ്നീത് സിംഗ് ബിട്ടു, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ എന്നിവര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. വിമാനത്തിന് പുറത്തിറങ്ങിയവര്‍ അവരുടെ നാടുകളിലേക്ക് മടങ്ങി. അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് വന്ന ദിവസം തന്നെയാണ് അനധികൃത കുടിയേറ്റക്കാരുമായുള്ള രണ്ടാമത്തെ വിമാനം ഇന്ത്യയിലേക്ക് എത്തിയത്.