IndiaNEWS

ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും 18 മരണം; അന്‍പതിലേറെ പേര്‍ക്ക് പരുക്ക്

ന്യൂഡല്‍ഹി: മഹാകുംഭമേളയ്ക്കു പ്രയാഗ്രാജിലേക്കു പോകാനെത്തിയവരുടെ തിക്കിലും തിരക്കിലും പെട്ട് ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ അപകടം. 4 കുഞ്ഞുങ്ങളും 11 സ്ത്രീകളും ഉള്‍പ്പെടെ 18 പേര്‍ മരിച്ചു. പരുക്കേറ്റ അന്‍പതിലേറെ പേരെ എല്‍എന്‍ജിപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി പത്തിനാണു സംഭവം.

14, 15 പ്ലാറ്റ്‌ഫോമുകളിലായിരുന്നു അനിയന്ത്രിതമായ തിരക്ക്. പ്രയാഗ്രാജ് എക്സ്പ്രസില്‍ പോകാനായി ആയിരങ്ങളാണ് ഇന്നലെ രാത്രി സ്റ്റേഷനിലെത്തിയത്. പ്ലാറ്റ്ഫോം 14ല്‍ നിന്നായിരുന്നു ഈ ട്രെയിന്‍. 12, 13 പ്ലാറ്റ്‌ഫോമുകളില്‍ എത്തേണ്ടിയിരുന്ന സ്വതന്ത്ര സേനാനി, ഭുവനേശ്വര്‍ രാജധാനി എക്സ്പ്രസുകള്‍ വൈകിയതോടെ ഈ പ്ലാറ്റ്ഫോമുകളിലും വലിയ ജനക്കൂട്ടം ഉണ്ടായി. തുടര്‍ന്നാണു തിക്കും തിരക്കും ഉണ്ടായത്.

Signature-ad

ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. അധികൃതര്‍ സഹായങ്ങളെല്ലാം ഉറപ്പാക്കുന്നുണ്ടെന്നും പറഞ്ഞു. സ്ഥിതി നിയന്ത്രണവിധേയമാണെന്നു റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും അപകടത്തില്‍ അനുശോചിച്ചു. റെയില്‍വേ മന്ത്രിയുമായി സംസാരിച്ചെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ സ്റ്റേഷനില്‍ വിന്യസിച്ചിട്ടുണ്ട്. തീര്‍ഥാടകരുടെ തിരക്കു കുറയ്ക്കാന്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും. റെയില്‍വേ ഉന്നതതല സമിതി സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. അടിയന്തര നടപടി കൈക്കൊള്ളാന്‍ ചീഫ് സെക്രട്ടറിക്കും കമ്മിഷണര്‍ക്കും ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ.സക്സേന നിര്‍ദേശം നല്‍കി. ലഫ്റ്റനന്റ് ഗവര്‍ണര്‍ ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദര്‍ശിച്ചു.

Back to top button
error: