
കാസര്‍ഗോഡ്: റിട്ട. വ്യോമസേന ഉദ്യോഗസ്ഥന് മംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ ആര്‍.പി.എഫിന്റെ മദര്‍നമേറ്റെന്ന പരാതിയില്‍ റെയില്‍വേ പോലീസ് അന്വേഷണം തുടങ്ങി. നീലേശ്വരം അങ്കക്കളരി അര്‍ച്ചനയിലെ പി.വി.സുരേശ(49) നാണ് മര്‍ദനമേറ്റത്.
മംഗളൂരു റെയില്‍വേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിലെ ബെഞ്ചില്‍ കിടക്കുമ്പോള്‍ ആര്‍.പി.എഫ്. ഉദ്യോഗസ്ഥന്‍ ലാത്തികൊണ്ട് മര്‍ദിച്ചതായാണ് പരാതി. ഇതേത്തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ ഇദ്ദേഹത്തിന്റെ ഇടതുകാല്‍ മുറിച്ചുമാറ്റേണ്ടിവന്നു. മര്‍ദനത്തിലേറ്റ പരിക്ക് കാരണമാണ് കാല്‍ മുറിച്ചുമാറ്റേണ്ടിവന്നതെന്ന് സുരേശന്റെ മകള്‍ ഹൃദ്യ സുരേഷ് മംഗളൂരു സെന്‍ട്രല്‍ റെയില്‍വേ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. അതേസമയം സുരേശനെ മര്‍ദിച്ചിട്ടില്ലെന്നാണ് ആര്‍.പി.എഫ്. പറയുന്നത്.

ആശുപത്രിയില്‍നിന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് വൈകാതെ കിട്ടുമെന്നും അതിനുശേഷമേ സുരേശന്റെ ആരോഗ്യകാര്യങ്ങള്‍ വ്യക്തമാകൂവെന്നും റെയില്‍വേ പോലീസ് ഇന്‍സ്‌പെക്ടര്‍ എ.ജെ.ഇന്ദിര പറഞ്ഞു. നിലവില്‍ അന്വേഷണ കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും അവര്‍ വ്യക്തമാക്കി. കാസര്‍കോട് എയര്‍ഫോഴ്‌സ് അസോസിയേഷന്‍ ചാപ്റ്റര്‍ പ്രസിഡന്റ് അശോക് കുമാര്‍, മംഗളൂരു എയര്‍ഫോഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അശോക് പ്രഭു എന്നിവര്‍ ആസ്പത്രിയില്‍ സുരേശനെ സന്ദര്‍ശിച്ചു. സംഭവത്തില്‍ അസോസിയേഷന്‍ പരാതി നല്‍കുമെന്ന് അശോക് കുമാര്‍ പറഞ്ഞു.