CrimeNEWS

കവര്‍ച്ചയ്ക്കുശേഷം പോയത് അങ്കമാലിയിലേക്ക്, ചാലക്കുടി ബാങ്ക് കൊളളയില്‍ പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി

തൃശൂര്‍: ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്ക് ശാഖയില്‍ നിന്ന് പട്ടാപ്പകല്‍ 15 ലക്ഷം രൂപ കവര്‍ന്ന പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞ് രണ്ടേകാലോടെ കവര്‍ച്ച നടത്തിയതിനുശേഷം പ്രതി അങ്കമാലി ഭാഗത്ത് എത്തിയതായി പൊലീസിന് സിസിടിവിയില്‍ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്. അങ്കമാലി, ആലുവ, പെരുമ്പാവൂര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ വിപുലമായ പരിശോധനയാണ് പൊലീസ് നടത്തുന്നത്. ബാങ്കിനെ കുറിച്ച് കൃത്യമായി അറിയാവുന്ന ആള്‍ തന്നെയാണ് മോഷണത്തിന് പിന്നില്‍ എന്ന സൂചനയാണ് പൊലീസിനുള്ളത്. ബാങ്ക് കൊള്ള നടത്തിയത് മുന്‍കൂട്ടി ആസൂത്രണം ചെയ്തതാകാമെന്ന നിഗമനത്തിലാണ് പൊലീസ്.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് കവര്‍ച്ച നടന്നത്. ബാങ്കിലെ ജീവനക്കാര്‍ ഭക്ഷണം കഴിക്കാന്‍ പോകുന്ന സമയമാണ് മോഷണത്തിനായി തിരഞ്ഞെടുത്തത് എന്നത് ബാങ്കിനെക്കുറിച്ച് കൃത്യമായ ധാരണയുള്ള ആളാണ് പ്രതി എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. എന്‍ടോര്‍ക്ക് എന്ന സ്‌കൂട്ടറിലാണ് പ്രതി എത്തിയത്. ക്യാഷ് കൗണ്ടറില്‍ 45 ലക്ഷം രൂപ ഉണ്ടായിട്ടും 15 ലക്ഷം രൂപ മാത്രമാണ് മോഷ്ടാവ് എടുത്തത്. ഇതും കേസിലെ നിര്‍ണായക സൂചനയാണെന്ന് തൃശൂര്‍ റൂറല്‍ എസ്.പി ബി. കൃഷ്ണകുമാര്‍ പറഞ്ഞു.

Signature-ad

ബാങ്കില്‍ കടന്ന പ്രതി രണ്ടര മിനിട്ടിനുള്ളില്‍ കവര്‍ച്ച നടത്തി മടങ്ങിയെന്നും പൊലീസ് പറഞ്ഞു. പ്രതിക്കായി എല്ലാ പ്രധാന പാതകളിലും പരിശോധന നടത്തുന്നുണ്ടെന്നും വൈകാതെ പിടിയിലാകുമെന്നും എസ്.പി പറഞ്ഞു. മോഷണസമയത്ത് ബാങ്കില്‍ ഉണ്ടായിരുന്ന ജീവനക്കാരുടെ മൊഴിയെടുത്തിട്ടുണ്ട്. ഹെല്‍മെറ്റ് ധരിച്ചെത്തിയ അക്രമിയെ ജീവനക്കാര്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചിരുന്നില്ല. പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ഹിന്ദി ഭാഷയാണ് പ്രതി സംസാരിച്ചതെന്നും എസ്.പി വ്യക്തമാക്കി.

സിസി ടിവി ദൃശ്യങ്ങള്‍ അനുസരിച്ച് നമ്പര്‍ പ്ലേറ്റ് മറച്ച സ്‌കൂട്ടറില്‍ ഹെല്‍മെറ്റ്, ജാക്കറ്റ്, ഗ്ലൗസ് എന്നിവ ധരിച്ചാണ് മോഷ്ടാവ് എത്തിയത്. ബാങ്കിന് സെക്യൂരിറ്റി ഇല്ലെന്നും സമീപത്തെ മറ്റ് സ്ഥാപനങ്ങളിലൊന്നും സിസി ടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടില്ലെന്നും മോഷ്ടാവിന് അറിയാമായിരുന്നെന്നും കരുതുന്നു. ബാങ്കിലേക്ക് കയറിയ മോഷ്ടാവ് അവിടെയുണ്ടായിരുന്ന ജീവനക്കാരില്‍ രണ്ടുപേരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയും പണം എവിടെയാണെന്ന് ചോദിച്ച് മനസിലാക്കിയ ശേഷം ജീവനക്കാരെ ബാങ്കിലെ ടോയ്ലെറ്റില്‍ പൂട്ടിയിടുകയായിരുന്നു എന്നാണ് സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: