മകനെ വേട്ടയാടിയത് സോഷ്യല്‍ മീഡിയയിലെ തെരുവ് നായ്ക്കളെന്ന് പ്രതിഭ

ഒരു മാസം മുന്‍പാണ് യു. പ്രതിഭ എം.എല്‍.എയുടെ മകനെ കഞ്ചാവുമായി പിടികൂടിയെന്ന തരത്തില്‍ മാദ്ധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നത്. പ്രചരിച്ചത് തെറ്റായ വാര്‍ത്തയാണെന്നും നാട്ടിന്‍പുറത്ത് കൂട്ടുകാരോടൊപ്പം സംഘം ചേരുക മാത്രമാണ് ചെയ്തതെന്ന് പ്രതിഭ എം.എല്‍.എ അന്നു തന്നെ വിശദീകരിച്ചിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കിയിരിക്കുകയാണ് എ.എല്‍.എ.
എന്തിനാണ് മാദ്ധ്യമങ്ങള്‍ ഇത്രയും ആഘോഷിച്ചത് എന്ന് പ്രതിഭ ചോദിക്കുന്നു. ഇല്ലാത്ത ഒരു കാര്യമാണ് മാദ്ധ്യമങ്ങള്‍ പറഞ്ഞത്. എന്നിട്ടും മാദ്ധ്യമങ്ങള്‍ക്ക് മതിയായില്ല. അമ്മ രാഷ്ട്രീയത്തില്‍ നില്‍ക്കുന്നത് കൊണ്ടായിരിക്കും മാദ്ധ്യമങ്ങള്‍ തന്നെ ഉപദ്രവിച്ചത് എന്നാണ് മകന്‍ ലൈവ് വീഡിയോയിലൂടെ വ്യക്തമാക്കിയത്. 90 ഗ്രാം കഞ്ചാവുമായി മകന്‍ പിടിയിലായി എന്ന് മാദ്ധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത് ശരിയാണോ എന്ന് പ്രതിഭ ചോദിക്കുന്നു. അതിനെതിരെ പ്രതികരിച്ച തന്നെ വീണ്ടും മോശക്കാരിയാക്കിയെന്നും അവര്‍ പറഞ്ഞു.

ഒരവസരത്തില്‍ രാഷ്ട്രീയം വീട്ടാലോ എന്നുവരെ ആലോചിച്ചിട്ടുണ്ടെന്നും പ്രതിഭ പറയുന്നു. താന്‍ എന്തു പറഞ്ഞാലും സോഷ്യല്‍ മീഡിയയില്‍ അതിന്റെ താഴെ വന്ന് അസഭ്യം പറഞ്ഞിട്ടു പോകുന്നു. നമ്മുടെ നാട്ടിലെ ഏറ്റവും വലിയ പ്രശ്‌നം തെരുവ് നായ ആക്രമണമാണ്. അതുപോലത്തെ തെരുവ് നായ്ക്കള്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടെന്ന് പ്രതിഭ ചൂണ്ടിക്കാണിക്കുന്നു. ഇത്തരക്കാരെ നിയന്ത്രിക്കാന്‍ പ്രോപ്പര്‍ ബില്ല് കൊണ്ടുവരണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.