
ആലപ്പുഴ: നഗരസഭാ കൗണ്‍സിലറെ ഹെല്‍മെറ്റുകൊണ്ട് ആക്രമിച്ചു പരിക്കേല്‍പ്പിച്ച കേസിലെ പ്രതി പോലീസിന്റെ പിടിയില്‍. പാലസ് വാര്‍ഡ് കൗണ്‍സിലര്‍ പി.എസ്. ഫൈസലിനെ ആക്രമിച്ച കേസില്‍ മംഗലം വാര്‍ഡില്‍ കാഞ്ഞിരംചിറ ചാക്കാലനിലം നികര്‍ത്തില്‍ നിധീഷിനെ(38)യാണ് സൗത്ത് പോലീസ് അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജയിലിലയച്ചു.
വെള്ളിയാഴ്ച രാത്രി ഏട്ടേമുക്കാലിനായിരുന്നു സംഭവം. കൊട്ടാരം ഭാഗത്തുനിന്ന് മുക്കവലയ്ക്കല്‍ റോഡിലൂടെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണത്തിനിരയായത്. റോഡിന്റെ രണ്ടു വശങ്ങളില്‍ നിര്‍ത്തിയിരുന്ന ബൈക്കുകള്‍ക്ക് നടുവിലൂടെ ഫൈസല്‍ ബൈക്ക് ഓടിച്ചു പോയപ്പോള്‍ നിധീഷ് അസഭ്യം പറഞ്ഞ് ഹെല്‍മെറ്റുകൊണ്ട് ആക്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

തലയ്ക്കു പരിക്കുപറ്റിയ ഫൈസല്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് സൗത്ത് പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. ഇന്‍സ്പെക്ടര്‍ കെ. ശ്രീജിത്ത്, എസ്.ഐ. മാരായ ഉണ്ണിക്കൃഷ്ണന്‍ നായര്‍, മനോജ്, ഷാബു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.