
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥികളിൽ 70 ൽ 67 പേർക്കും കെട്ടിവച്ച തുക നഷ്ടപ്പെട്ടു. മൂന്നാം തവണയും പൂജ്യം സീറ്റുകളിലേക്ക് ഒതുങ്ങിയ കോൺഗ്രസിന് ഇത് വൻ തിരിച്ചടിയായി. അതേസമയം
അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്മിക്ക് വലിയ തിരിച്ചടി നൽകാൻ കോൺഗ്രസിന് കഴിഞ്ഞുവെന്ന് തിരഞ്ഞെടുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു. ഷീലാ ദീക്ഷിതിന്റെ കാലത്തെ പ്രതാപം വീണ്ടെടുക്കാനോ ഒരു സീറ്റ് പോലും നേടാനോ കഴിഞ്ഞിട്ടില്ലെങ്കിലും എഎപിയെ കോൺഗ്രസ് വെള്ളം കുടിപ്പിച്ചു. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ എഎപിയുടെ മുന്നേറ്റത്തിന് തടയിടാൻ കോൺഗ്രസിന് സാധിച്ചു എന്നത് ശ്രദ്ധേയമാണ്. കോൺഗ്രസ് നേടിയ 6 ശതമാനത്തിലധികം വോട്ട് കൂടി ലഭിച്ചിരുന്നെങ്കിൽ ആം ആദ്മിക്ക് ഭരണം നിലനിർത്താമായിരുന്നു.

ഇന്ത്യ മുന്നണിയിലെ പോര് എഎപിക്ക് തിരിച്ചടിയായി
ഇന്ത്യ മുന്നണിയിലെ പാർട്ടികൾ തമ്മിലുള്ള പോര് എഎപിയുടെ സാധ്യതകളെ കാര്യമായി ബാധിച്ചു. തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനത്തിന് എഎപിക്ക് വലിയ വില നൽകേണ്ടിവന്നു, പ്രത്യേകിച്ചും കടുത്ത പോരാട്ടം നടന്ന സീറ്റുകളിൽ.
ഏറ്റവും വലിയ അട്ടിമറികളിൽ ഒന്ന്, അരവിന്ദ് കേജ്‌രിവാൾ ന്യൂഡൽഹി സീറ്റിൽ ബിജെപിയിലെ പർവേഷ് വർമ്മയോട് പരാജയപ്പെട്ടതാണ്. കോൺഗ്രസിന്റെ സന്ദീപ് ദീക്ഷിതും മത്സരരംഗത്തുണ്ടായിരുന്നു. ദീക്ഷിത് നേടിയ വോട്ടുകൾ കൂടി ലഭിച്ചിരുന്നെങ്കിൽ കെജ്‌രിവാൾ വിജയിക്കുമായിരുന്നു.
മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ 600 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലാണ് പരാജയപ്പെട്ടത്. ഇവിടെയും, ഇരു പാർട്ടികളും ഒന്നിച്ചിരുന്നെങ്കിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ വോട്ട് എണ്ണം സിസോദിയയുടെ വിജയത്തിന് സഹായകമാകുമായിരുന്നു, ബദ്ലി, നംഗ്ലോയി ജാട്ട്, മഡിപൂർ, രോഹിണി, ദ്വാരക തുടങ്ങിയ മണ്ഡലങ്ങളിലും സമാനമായ സ്ഥിതി കാണാം. കോൺഗ്രസുമായി ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പോലെ സഖ്യം ഉണ്ടാക്കാതിരുന്നത് എഎപിക്ക് വലിയ നഷ്ടം വരുത്തി.
ഡൽഹിയിൽ 1998 മുതൽ ബിജെപി അധികാരത്തിനു പുറത്താണ്. മറുവശത്ത്, കഴിഞ്ഞ 10 വർഷമായി എഎപി ഡൽഹിയിലെ രാഷ്ട്രീയ രംഗം കീഴടക്കി, 2015 ലും 2020 ലും വലിയ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുപ്പുകൾ വിജയിച്ചു. 1998 മുതൽ 2013 വരെ ഡൽഹി ഭരിച്ച കോൺഗ്രസ് കഴിഞ്ഞ 2 തിരഞ്ഞെടുപ്പുകളിലും ഒരു സീറ്റ് പോലും നേടാനായില്ല. കഴിഞ്ഞ 3 തിരഞ്ഞെടുപ്പുകളുടെ ഡാറ്റ പരിശോധിച്ചാൽ, ഡൽഹിയിൽ എഎപിയുടെ വളർച്ച കോൺഗ്രസിന്റെ തകർച്ചയ്ക്ക് സമാന്തരമായിരുന്നു എന്ന് കാണാം. എഎപി 2013 ൽ ഡൽഹി രാഷ്ട്രീയ രംഗത്തേക്ക് കടന്നുവരുന്നത് 29.49 ശതമാന വോട്ട് വിഹിതത്തോടെ 28 സീറ്റുകൾ നേടി കൊണ്ടാണ്.
കോൺഗ്രസിന്റെ സീറ്റ് നില 2008 ൽ നിന്ന് 2013ലെത്തിയപ്പോൾ 43 ൽ നിന്ന് 8 ആയി കുറഞ്ഞു. അവരുടെ വോട്ട് വിഹിതവും 2008 ലെ 40.31ൽ നിന്ന് 2013 ൽ 24.55 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും എഎപി 70 ൽ 67, 62 സീറ്റുകൾ നേടി ബിജെപി- കോൺഗ്രസ് പാർട്ടികളെ വളരെ പിന്നിലാക്കി. ഈ വലിയ അന്തരം ഒരുപക്ഷേ എഎപിയുടെ ആത്മവിശ്വാസത്തിന് കാരണമായിരിക്കാം.
10 വർഷം അധികാരത്തിൽ ഇരുന്നതിന് ശേഷം ഭരണവിരുദ്ധ വികാരം നേരിടുന്ന കെജ്‌രിവാളിന്റെ പാർട്ടിക്ക് ഈ ഇലക്ഷനിൽ കോൺഗ്രസിൽ നിന്നും ബിജെപിയിൽ നിന്നും കനത്ത വെല്ലുവിളി നേരിട്ടു. വോട്ട് വിഹിതം മെച്ചപ്പെടുത്താൻ ശ്രമിച്ചെങ്കിലും ചേരി നിവാസികൾ, മുസ്ലീങ്ങൾ, കോളനികളിലെ താമസക്കാർ എന്നിവരുൾപ്പെടെയുള്ള എഎപി വോട്ട് ബാങ്കിൽ കുറവു വന്നു.