CrimeNEWS

വീട്ടുജോലിക്കാരിയുമായി അവിഹിതമെന്ന് സംശയം; ഭര്‍ത്താവിന്റെ കാല്‍ തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍, ഭാര്യയും ഗുണ്ടാസംഘവും അറസ്റ്റില്‍

ബംഗളൂരു: വീട്ടില്‍ ജോലിക്കുനില്‍ക്കുന്ന യുവതിയുമായി ഭര്‍ത്താവിന് ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരില്‍ അയാളുടെ കാല്‍ തല്ലിയൊടിക്കാന്‍ ക്വേേട്ടഷന്‍ നല്‍കിയ ഭാര്യ അറസ്റ്റില്‍. അഞ്ചുലക്ഷം രൂപയ്ക്കാണ് ക്വട്ടേഷന്‍ നല്‍കിയത്. കല്‍ബുര്‍ഗിയിലെ ഗാസിപുരിലാണ് സംഭവം. ഭാര്യ ഉമാദേവിക്കൊപ്പം ക്വട്ടേഷന്‍ ഏറ്റെടുത്ത മൂന്നംഗസംഘത്തെയും പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.

ഗാസിപുര്‍ അട്ടാര്‍ കോംപൗണ്ട് സ്വദേശി വെങ്കടേശ് മാലി പാട്ടീലാണ് ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണത്തിനിരയായത്. മര്‍ദനത്തില്‍ രണ്ടുകാലിനും ഒരു കൈയ്ക്കും പരുക്കേറ്റ വെങ്കടേഷ് ഇപ്പോഴും ചികിത്സയിലാണ്. ആരിഫ്, മനോഹര്‍, സുനില്‍ എന്നിവരാണ് പിടിയിലായ ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങള്‍.

Signature-ad

ഇക്കഴിഞ്ഞ ജനുവരി 18ന് രാത്രിയില്‍ വീട്ടിലേക്ക് വരുന്നതിനിടെ നടുറോഡില്‍ വച്ചായിരുന്നു ആക്രമണം. ബൈക്ക് തടഞ്ഞുനിറുത്തിയശേഷം വടികളും കല്ലും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പിറ്റേദിവസം വെങ്കടേശിന്റെ മകന്‍ അക്രമികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്. ചോദ്യംചെയ്യലില്‍ വെങ്കടേശിന്റെ ഭാര്യയാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് അവര്‍ സമ്മതിക്കുകയായിരുന്നു.

കാലുകള്‍ മാത്രമേ ഒടിക്കാവൂ എന്നും പ്രത്യേകമായി ആവശ്യപ്പെട്ട ഉമാദേവി ക്വട്ടേഷന്‍ ഏറ്റെടുക്കാനുളള അഡ്വാന്‍സായി 50,000 രൂപയും നല്‍കിയിരുന്നു. ക്വട്ടേഷന്‍ സംഘങ്ങള്‍ കാണിച്ച അതിബുദ്ധിയാണ് സംഘത്തിനെ കുടുക്കിയതെന്നാണ് പൊലീസ് പറയുന്നത്. ആക്രമണം നടന്ന് അല്പം കഴിഞ്ഞപ്പോള്‍ ഉമാദേവിയുടെ ഫോണിലേക്ക് ഒരു കോള്‍ വന്നു. ഭര്‍ത്താവ് ബൈക്കില്‍ നിന്ന് വീണുവെന്നും പരിക്കുണ്ടെന്നുമാണ് വിളിച്ചയാള്‍ പറഞ്ഞത്. ഇതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ മകനാണ് വെങ്കടേശിനെ ആശുപത്രിയിലെത്തിച്ചത്. ഫോണ്‍കോളിനെക്കുറിച്ച് അന്വേഷിച്ച് പൊലീസ് പ്രതികളിലൊരാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെ എല്ലാം തുറന്നുപറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: