
കൊച്ചി: രാഷ്ട്രീയക്കാര്‍ക്ക് അടക്കം പണം നല്‍കിയിട്ടുണ്ടെന്ന് പാതി വില തട്ടിപ്പു കേസിലെ പ്രതി അനന്തു കൃഷ്ണന്‍. പേരുകള്‍ ഇപ്പോള്‍ പറയുന്നില്ല. അന്വേഷണത്തില്‍ അതെല്ലാം വ്യക്തമാകും. സായ് ഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് ഡയറക്ടര്‍ കെ എന്‍ ആനന്ദകുമാറിനും പണം നല്‍കിയിരുന്നുവെന്നും അനന്തുകൃഷ്ണന്‍ വ്യക്തമാക്കി. കൊച്ചിയില്‍ തെളിവെടുപ്പിന് കൊണ്ടു വന്നപ്പോഴായിരുന്നു അനന്തുവിന്റെ പ്രതികരണം.
ആനന്ദകുമാര്‍ സാറിന്റെ നിര്‍ദേശപ്രകാരമാണ് എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ആരംഭിച്ചത്. ഇതിലേക്ക് സംഘടനകള്‍ വന്നതും. തന്നെ പദ്ധതി നടപ്പാക്കാന്‍ ചുമതലപ്പെടുത്തിയത് എന്‍ജിഒ കോണ്‍ഫെഡറേഷനാണ്. ആനന്ദകുമാര്‍ പറഞ്ഞിട്ട് ഒട്ടേറെ പേരെ പദ്ധതിയില്‍ ചേര്‍ത്തുവെന്നും അനന്തു കൃഷ്ണന്‍ അറിയിച്ചു. എഎന്‍ രാധാകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന സൈന്‍ സംഘടന ഇംപ്ലിമെന്റേഷന്‍ ഏജന്‍സിയായി വന്നതു മാത്രമാണ് എന്നും അനന്തു കൃഷ്ണന്‍ പറഞ്ഞു.

കടവന്ത്ര പൊന്നുരുന്നിയിലെ ഓഫീസില്‍ പൊലീസ് അനന്തു കൃഷ്ണനെ എത്തിച്ച് തെളിവെടുത്തു. തുടര്‍ന്ന് പനമ്പിള്ളി നഗറിന് സമീപത്തെ സോഷ്യല്‍ ബീ അവഞ്ച്വേഴ്സ് ഓഫീസിലും പൊലീസ് തെളിവെടുപ്പിന് എത്തിച്ചിരുന്നു. എന്‍ജിഒ കോണ്‍ഫെഡറേഷന്റെ ബൈലോയും മറ്റുരേഖകളും പൊലീസ് പിടിച്ചെടുത്തിരുന്നു. അനന്തുവിന്റെ കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്ന് കടത്തിയ രേഖകളും പൊലീസ് കണ്ടെടുത്തു. എറണാകുളത്തെ ഒരു വില്ലയില്‍ നിന്നും, ഓഫീസില്‍ നിന്നുമാണ് രേഖകള്‍ കണ്ടെടുത്തത്.