
ചെന്നൈ: യുവതിയുടെ താലിമാല പിടിച്ചുവച്ച കസ്റ്റംസ് നടപടിക്കെതിരെ രൂക്ഷവിമര്‍ശനം നടത്തി മദ്രാസ് ഹൈക്കോടതി. ശ്രീലങ്കന്‍ സ്വദേശിയായ യുവതിയില്‍ നിന്നാണ് താലിമാല അടക്കമുള്ള സ്വര്‍ണം കസ്റ്റംസ് പിടിച്ചുവച്ചത്. വിവാഹിതരായ സ്ത്രീകള്‍, പ്രത്യേകിച്ചു നവവധുക്കള്‍ കനമേറിയ താലിമാല ധരിക്കുന്നത് സ്വാഭാവികമാണെന്നും അത് മതപരമായ ആചാരം കൂടിയാണെന്നും അടിയന്തരമായി താലി മടക്കി നല്‍കണമെന്നും മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. അപമര്യാദപരമായ പെരുമാറ്റത്തില്‍ താലിമാല അടക്കം പിടിച്ചുവച്ച ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
2023 ഡിസംബര്‍ 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭര്‍തൃമാതാവിനും ഭര്‍തൃസഹോദരിക്കും ഒപ്പമാണ് ശ്രീലങ്കന്‍ സ്വദേശിയായ താനുഷിക ചെന്നൈയില്‍ വിവാഹശേഷം എത്തുന്നത്. ചെന്നൈ വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ യുവതിയെ 12 മണിക്കൂറോളമാണ് തടഞ്ഞുവച്ചത്. 11 പവന്റെ താലി അടക്കം 288ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് യുവതിയില്‍ നിന്ന് പിടിച്ചുവച്ചത്. ഇതിനെതിരെയാണ് യുവതി കോടതിയെ സമീപിച്ചത്.

ഗ്രീന്‍ ചാനലിലൂടെ കള്ളക്കടത്തിനുള്ള ശ്രമം തടയുകയാണ് ചെയ്തതെന്ന കസ്റ്റംസ് വാദം കോടതി തള്ളി. സത്യവാങ്മൂലം നല്‍കാതെ വിദേശ പൗരന്മാര്‍ക്ക് അളവില്‍ കൂടിയ സ്വര്‍ണം കൊണ്ടുപോകാനാവില്ലെന്നായിരുന്നു 1962ലെ കസ്റ്റംസ് ആക്ട് എന്ന് ഉദ്യോഗസ്ഥര്‍ കോടതിയില്‍ പറഞ്ഞു. ഈ വാദം ജസ്റ്റിസ് കൃഷ്ണ രാമസ്വാമിയുടെ സിംഗിള്‍ ബെഞ്ച് തള്ളി. വിവാഹിതരായ സ്ത്രീകള്‍ സംസ്‌കാരിക ശൈലി അനുസരിച്ച് തൂക്കം കൂടിയ സ്വര്‍ണാഭരണങ്ങള്‍ ധരിക്കുന്നത് പതിവാണെന്നും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുമ്പോള്‍ രാജ്യത്തെ എല്ലാ മതങ്ങളുടെയും ആചാരങ്ങള്‍ മാനിക്കണമെന്നും കോടതി വിശദമാക്കി.