
തിരുവനന്തപുരം: പശ്ചിമബംഗാള്‍ സ്വദേശികള്‍ എന്ന വ്യാജേന തലസ്ഥാനത്ത് വര്‍ഷങ്ങളായി താമസിക്കുന്ന ബംഗ്ലാദേശ് പൗരന്മാര്‍ പിടിയില്‍. കഫീത്തുള്ള, സോഹിറുദീന്‍, അലങ്കീര്‍ എന്നിവരെയാണ് വട്ടിയൂര്‍ക്കാവ് പൊലീസ് നെട്ടയത്തെ വാടകവീട്ടില്‍ നിന്നും പിടികൂടിയത്.
ഇതില്‍ ഒരാള്‍ 2014 മുതല്‍ കേരളത്തിലുണ്ട്. കെട്ടിട നിര്‍മ്മാണത്തിനായി എത്തിയെന്ന വ്യാജരേഖ ചമച്ചാണ് ഇവിടെ കഴിഞ്ഞുകൂടിയത്. അന്യസംസ്ഥാന തൊഴിലാളികളുടെ കൂട്ടത്തില്‍ ഇത്തരത്തില്‍ നിരവധി ബംഗ്ലാദേശ് സ്വദേശികള്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു പൊലീസിന്റെ പരിശോധന. ഏജന്റുകള്‍ വഴിയാണ് ഇവര്‍ കേരളത്തിലെത്തിയത്. ഇന്ത്യയിലെത്താന്‍ അതിര്‍ത്തിയിലുള്ള പുഴ നീന്തിക്കടക്കുകയായിരുന്നു. ഇവരെ തിരിച്ചയയ്ക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

വെള്ളിയാഴ്ച എറണാകുളം ഞാറയ്ക്കലില്‍ നിന്ന് ബംഗ്ലാദേശി ദമ്പതികളായ ദശരഥ് ബാനര്‍ജി (38), ഭാര്യ മാരി ബിബി (33) എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. വ്യാജരേഖ ചമച്ച് കേരളത്തില്‍ കാലങ്ങളായി താമസിച്ചിരുന്ന ഇവരുടെ പേരില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത സ്വന്തം ഭൂമിവരെയുണ്ട്.പറവൂര്‍ വടക്കേ മേത്തറ ഭാഗത്ത് സ്ഥലംവാങ്ങി രജിസ്റ്റര്‍ ചെയ്ത് താമസിക്കുകയായിരുന്നു.
എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ നടത്തുന്ന ഓപ്പറേഷന്‍ ക്ലീന്‍ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഇവരില്‍നിന്ന് കേരളത്തില്‍ നിന്നുള്ള ഡ്രൈവിംഗ് ലൈസന്‍സ്, വാഹനത്തിന്റെ ആര്‍.സി ബുക്കിന്റെ പകര്‍പ്പ്, വാര്‍ഡ് മെമ്പര്‍ നല. കിയ സാക്ഷ്യപത്രം എന്നിവയും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മന്നത്ത് നിന്ന് 27 ബംഗ്ലാദേശികളെ പൊലീസ് പിടികൂടിയിരുന്നു.