CrimeNEWS

മലപ്പുറത്ത് യുവാവിന് വെട്ടേറ്റ സംഭവം; പ്രണയം വിലക്കിയതിലുള്ള വിരോധമെന്ന് പൊലീസ്

മലപ്പുറം: വേങ്ങരയ്ക്ക് സമീപം വീണാലുക്കലില്‍ യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതിന് പിന്നില്‍ പ്രണയം വിലക്കിയതിലുള്ള വിരോധമാണെന്ന് പൊലീസ്. 28കാരനായ സുഹൈബിനെ 18കാരനായ റാഷിദാണ് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. ആക്രമണത്തിന് ശേഷം മലപ്പുറം സ്വദേശിയായ റാഷിദ് പൊലീസില്‍ കീഴടങ്ങി.

ബന്ധുവായ പെണ്‍കുട്ടിയുമായുള്ള പ്രണയ ബന്ധത്തില്‍ നിന്ന് പിന്മാറണമെന്ന് സുഹൈബ് റാഷിദിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിലെ വൈരാഗ്യമാണ് വധശ്രമത്തിന് കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാല്‍ റാഷിദുമായി മുന്‍ പരിചയമില്ലെന്നും മുന്‍പ് നേരില്‍ കണ്ടിട്ട് പോലുമില്ലെന്നാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സുഹൈബ് പൊലീസിന് മൊഴി നല്‍കിയത്.

Signature-ad

ഇന്നലെ രാത്രിയാണ് മദ്രസ അദ്ധ്യാപകനായ സുഹൈബിനെ വീടിന് സമീപത്ത് വച്ച് വെട്ടിയത്. വീണാലുക്കലിലെത്തിയ പ്രതി ആദ്യം സുഹൈബിന്റെ വീട് നാട്ടുകാരോട് ചോദിച്ചുറപ്പിച്ച ശേഷം ഇയാളെ കാത്ത് മണിക്കൂറോളം വഴിയില്‍ നിന്നു. ഒമ്പത് മണിയോടെ ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ സുഹൈബിനെ സ്‌കൂട്ടര്‍ തടഞ്ഞ് നിര്‍ത്തി റാഷിദ് വെട്ടുകയായിരുന്നു. വീട്ടിലേക്കോടിയ സുഹൈബിനെ പിന്തുടര്‍ന്ന് ആക്രമിച്ചു. കൈയിലും കാലിലും പുറത്തുമായി ഏഴ് തവണ വെട്ടി.

നാട്ടുകാര്‍ ഓടികൂടിയതോടെ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട റാഷിദ് പുലര്‍ച്ചെ മൂന്ന് മണിയോടെ വേങ്ങര പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഏറെക്കാലമായി മാതാപിതാക്കള്‍ക്കൊപ്പം അബുദാബിയിലായിരുന്ന പ്രതി പ്ലസ്ടു പഠനത്തിന് വേണ്ടിയാണ് കേരളത്തിലേക്കെത്തിയത്. അപകടനില തരണം ചെയ്ത സുഹൈബ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. സംഭവത്തില്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: