
മുംബൈ: നാളെയാണ് പ്രമുഖ വ്യവസായി ഗൗതം അദാനിയുടെ ഇളയ മകന്‍ ജീത് അദാനിയുടെ വിവാഹം. സൂറത്തിലെ വജ്ര വ്യാപാരി ജെയ്മിന്‍ ഷായുടെ മകള്‍ ദിവാ ഷായാണ് വധു. വ്യവസായി മുകേഷ് അംബാനിയുടെ മകന്‍ അനന്ദ് അംബാനിയുടേതിന് സമാനമായ വിവാഹമായിരുന്നു ഏവരും പ്രതീക്ഷിച്ചിരുന്നത്. രാജ്യം കണ്ട ഏറ്റവും ആര്‍ഭാടകരമായ വിവാഹമായിരുന്നു അനന്ദിന്റേത്.
എന്നാല്‍ സാധാരണക്കാരുടെ വിവാഹം പോലെയാകും തന്റെ മകന്റെ വിവാഹമെന്നും, തന്റെ ജീവിതരീതി ഇന്ത്യയിലെ സാധാരണക്കാരെ പോലെയാണെന്നും ഗൗതം അദാനി നേരത്തെ തന്നെ പ്രതികരിച്ചിരുന്നു.

മകനും മരുമകളുമെടുത്ത വിവാഹ പ്രതിജ്ഞയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അദാനിയിപ്പോള്‍. ഭിന്നശേഷിക്കാരായ 500 സ്ത്രീകളുടെ വിവാഹത്തിന് ഓരോ വര്‍ഷവും 10 ലക്ഷം രൂപ വീതം നല്‍കാനാണ് ഇവരുടെ തീരുമാനം.
‘ജീതും ദിവയും മഹത്തായ പ്രതിജ്ഞയോടെ തങ്ങളുടെ ദാമ്പത്യ ജീവിതം ആരംഭിക്കാന്‍ തീരുമാനിച്ചു. വികലാംഗരായ 500 സഹോദരിമാരുടെ വിവാഹത്തിന് പ്രതിവര്‍ഷം 10 ലക്ഷം രൂപ സംഭാവന ചെയ്യുമെന്ന് അവര്‍ ‘മംഗള്‍ സേവ’ പ്രതിജ്ഞയെടുത്തു. ഒരു പിതാവെന്ന നിലയില്‍ ഈ പ്രതിജ്ഞ എനിക്ക് വളരെയധികം സംതൃപ്തി നല്‍കുന്നു. ഇത് നിരവധി പെണ്‍മക്കളെയും അവരുടെ കുടുംബങ്ങളെയും സന്തോഷത്തോടെ ജീവിക്കാന്‍ സഹായിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ജീത്തിനെയും ദിവയെയും ഈ പാതയില്‍ മുന്നേറാന്‍ അനുഗ്രഹിക്കണമെന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു’- അദ്ദേഹം എക്‌സില്‍ കുറിച്ചു.
അംഗപരിമിതരായ 21 സ്ത്രീകളെയും അവരുടെ ഭര്‍ത്താക്കന്മാരെയും ആദരിച്ചുകൊണ്ടാണ് ജീത്തും ദിവയും ധനസഹായ പദ്ധതിക്ക് തുടക്കം കുറിച്ചത്. യുഎസില്‍ പഠനം പൂര്‍ത്തിയാക്കിയ ജീത് 2019ലാണ് അദാനി ഗ്രൂപ്പിന്റെ ഭാഗമായത്. 2023 മാര്‍ച്ചില്‍ അഹമ്മദാബാദില്‍ വച്ചായിരുന്നു ജീത് – ദിവ വിവാഹ നിശ്ചയം നടന്നത്.