
കൊച്ചി: പാതി വില സ്‌കൂട്ടര്‍ തട്ടിപ്പു കേസിലെ മുഖ്യ പ്രതി അനന്തു കൃഷ്ണന്റെ പേരിലുള്ളത് 19 ബാങ്ക് അക്കൗണ്ടുകള്‍. ഇതുവഴി 450 കോടി രൂപയുടെ ഇടപാട് നടന്നതായാണ് പ്രാഥമിക വിലയിരുത്തല്‍. 2 കോടി രൂപ ഭൂമി വാങ്ങാന്‍ അനന്തു ഉപയോഗിച്ചു. സഹോദരിയുടെ പേരിലും സഹോദരിയുടെ ഭര്‍ത്താവിന്റെ പേരിലും ഭൂമി വാങ്ങി.
തട്ടിപ്പിലൂടെ അനന്തു കൃഷ്ണന്‍ സ്വന്തമാക്കിയ പണം വിദേശത്തേക്ക് കടത്തിയെന്നും സംശയമുണ്ട്. കേസായതോടെ വിദേശത്തേക്ക് കടക്കാന്‍ അനന്തു ശ്രമിച്ചെന്നാണ് പൊലീസിനു ലഭിച്ച വിവരം. തട്ടിപ്പില്‍ ഇ.ഡി. പ്രാഥമിക വിവര ശേഖരണം നടത്തി. ഇടുക്കിയില്‍ മാത്രം ആയിരത്തോളം പരാതികള്‍ ലഭിച്ചിട്ടുണ്ട്. 21 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. 103 പേര്‍ ഒപ്പിട്ട പരാതിയടക്കം നിരവധി പരാതികള്‍ വയനാട് മാനന്തവാടിയില്‍ ലഭിച്ചു. പാറത്തോട്ടം കര്‍ഷക വികസന സമിതിയെയും അനന്തു കൃഷ്ണനെയും പ്രതി ചേര്‍ത്തുള്ളതാണ് പരാതികള്‍. അന്തിക്കാട് അടക്കം തൃശൂര്‍ ജില്ലയിലും വ്യാപക തട്ടിപ്പാണ് നടന്നത്.

ചോദ്യം ചെയ്യലിനോട് അനന്തു സഹകരിക്കുന്നില്ല. അതിനിടെ അനന്തുവിന്റെ കാറും ഓഫിസിലെ രേഖകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. വിവിധ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് സഹായത്തോടെ വനിതകള്‍ക്ക് പകുതി വിലയ്ക്ക് ഇരുചക്രവാഹനങ്ങള്‍ നല്‍കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അനന്തു കൃഷ്ണന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് പരാതി.