
പാലക്കാട്: പൊതുസ്ഥലത്തുണ്ടായിരുന്ന മരം മുറിച്ചു നീക്കിയതിനെതിരെ പരാതി നല്‍കിയ അധ്യാപികയെ പിതാവും മകനും ചേര്‍ന്ന് മര്‍ദിച്ചു. കേസില്‍ ഒരാള്‍ അറസ്റ്റില്‍. ചന്ദ്രനഗര്‍ പിരിവുശാലയിലാണ് സംഭവം. അധ്യാപികയെ വീടിനു മുന്നില്‍ വെച്ച് ക്രൂരമായി മര്‍ദിക്കുകയും സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് പരാതി. കേസില്‍ പിരിവുശാല നക്ഷത്ര നഗറിലെ ഗോപിയെ (55) യാണ് ടൗണ്‍ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. മര്‍ദിക്കാന്‍ കൂട്ടുനിന്ന ഇയാളുടെ മകന്‍ ജിഷ്ണുവിനെതിരെയും (19) കേസെടുത്തിട്ടുണ്ട്.
ജനുവരി 30-നാണ് സംഭവമുണ്ടായത്. പ്രതികള്‍ രണ്ടുപേരും രാത്രി 11 മണിക്ക് ശേഷം വീട്ടമ്മയുടെ വീടിന് മുന്‍പിലെത്തി ബഹളമുണ്ടാക്കുകയായിരുന്നു. ചോദ്യം ചെയ്യാന്‍ ചെന്ന അധ്യാപികയെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. പൊതുസ്ഥലത്തുണ്ടായിരുന്ന മരം മുറിച്ചു നീക്കിയതിനെതിരെയും പ്രദേശത്തെ ചിലരുടെ മദ്യപാനത്തിനെതിരെയും വീട്ടമ്മ ഭാരവാഹികള്‍ക്ക് പരാതി നല്‍കിയതിന്റെ വൈരാഗ്യത്തിലാണ് സംഭവമെന്നും പരാതിയില്‍ പറയുന്നു. അധ്യാപികയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.