ഭക്ഷണം തികഞ്ഞില്ലെന്ന് പറഞ്ഞ് വരന്റെ വീട്ടുകാര്‍ ഇറങ്ങിപ്പോയി; ഒടുവില്‍ പോലീസ് സ്റ്റേഷനില്‍ താലികെട്ട്

വിവാഹത്തിനെത്തിയ വരന്റെ വീട്ടുകാര്‍ക്ക് ഭക്ഷണം ലഭിച്ചില്ലെന്ന ആരോപണത്തിന് പിന്നാലെ മുടങ്ങിയ വിവാഹം പോലീസ് സ്റ്റേഷനില്‍ വെച്ച് നടന്നു. ഫെബ്രുവരി രണ്ടിന് ഗുജറാത്തിലെ സൂറത്തിലാണ് സംഭവം നടന്നത്. പ്രമോദ് മഹ്തോ- അഞ്ജലി കുമാരി എന്നിവരുടെ വിവാഹത്തിനിടെയാണ് ഈ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
വിവാഹച്ചടങ്ങുകള്‍ അന്തിമഘട്ടത്തിലേക്ക് കടക്കുന്ന സമയത്താണ് വിവാഹത്തിനെത്തിയവര്‍ക്ക് ഭക്ഷണം തികയില്ലെന്ന് മനസിലായത്. ഇതോടെ വരന്റെ കുടുംബം വിവാഹത്തില്‍ നിന്ന് പിന്‍മാറുന്നതായി അറിയിച്ചു. പരിഭ്രാന്തിയിലായ വധുവിന്റെ വീട്ടുകാര്‍ പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു.

തുടര്‍ന്ന് പോലീസുദ്യോഗസ്ഥര്‍ വരന്റെ വീട്ടുകാരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. അതിനുശേഷമാണ് പോലീസ് സ്റ്റേഷനില്‍ വെച്ച് തന്നെ ഇരുവരുടെയും വിവാഹം നടത്താന്‍ തീരുമാനിച്ചത്. ഫെബ്രുവരി മൂന്നിന് പുലര്‍ച്ചെ നാലരയോടെയാണ് ഇരുവരും പോലീസ് സ്റ്റേഷനില്‍ വെച്ച് വിവാഹിതരായത്. പോലീസ് സ്റ്റേഷനില്‍ വെച്ച് വധുവരന്‍മാര്‍ വരണമാല്യം ചാര്‍ത്തുന്ന വീഡിയോ സൂറത്ത് പോലീസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു.
”ചടങ്ങുകള്‍ ഏകദേശം പൂര്‍ത്തിയായിരുന്നു. വരണമാല്യം ചാര്‍ത്തുന്ന ചടങ്ങ് മാത്രമാണ് അവശേഷിച്ചിരുന്നത്. ആ സമയത്താണ് ഭക്ഷണം തികയില്ലെന്ന ആരോപണത്തെത്തുടര്‍ന്ന് ഇരുകുടുംബങ്ങള്‍ക്കിടയിലും തര്‍ക്കമുണ്ടായത്. തര്‍ക്കം രൂക്ഷമായതോടെ വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ വരന്റെ കുടുംബം തീരുമാനിച്ചു,” ഡിസിപി അലോക് കുമാറിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
https://www.instagram.com/reel/DFnl7dJN-po/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
വിവാഹവുമായി മുന്നോട്ടുപോകാന്‍ വരന്‍ പ്രമോദ് മഹ്തോ തയ്യാറായിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ കുടുംബം ഇതിന് തയ്യാറായില്ലെന്ന് വധു പറഞ്ഞു. അനുരഞ്ജനചര്‍ച്ചയ്ക്ക് ശേഷം വിവാഹമണ്ഡപത്തിലേക്ക് എത്തിയാല്‍ ഇരുകുടുംബങ്ങള്‍ക്കിടയില്‍ വീണ്ടും തര്‍ക്കമുണ്ടാകാന്‍ സാധ്യതയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് സ്റ്റേഷനില്‍ വെച്ച് തന്നെ വിവാഹം നടത്താന്‍ തീരുമാനിച്ചത്.