
പാലക്കാട്: നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയുമായി പോലീസ് തെളിവെടുപ്പ് നടത്തി. ചൊവ്വാഴ്ച കനത്ത പോലീസ് സുരക്ഷയിലാണ് കൊലപാതകം നടന്ന സ്ഥലത്തും പ്രതിയുടെ വീട്ടിലും പ്രതി രക്ഷപ്പെട്ട വഴികളിലും തെളിവെടുപ്പ് നടത്തിയത്. തിങ്കളാഴ്ചത്തെ തെളിവെടുപ്പ് പൂര്‍ത്തിയായെന്നും ശാസ്ത്രീയതെളിവുകളടക്കം ശേഖരിച്ചിട്ടുണ്ടെന്നും ഡിവൈ.എസ്.പി. പറഞ്ഞു. പ്രതി പുതിയ മൊഴികളൊന്നും നല്‍കിയിട്ടില്ല. കൃത്യം നടത്തിയശേഷം രണ്ടുദിവസം മലയില്‍തന്നെയാണ് തങ്ങിയത്. രക്ഷപ്പെട്ട വഴികളെല്ലാം കാണിച്ചുനല്‍കിയെന്നും ഡിവൈ.എസ്.പി. മാധ്യമങ്ങളോട് പറഞ്ഞു.
ജനരോഷം കണക്കിലെടുക്ക് കനത്ത സുരക്ഷയിലാണ് ചെന്താമരയെ തെളിവെടുപ്പിനെത്തിച്ചത്. നൂറുകണക്കിന് പോലീസുകാരാണ് പ്രദേശത്ത് സുരക്ഷയ്ക്കായി ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഡ്രോണ്‍ നിരീക്ഷണം ഉള്‍പ്പെടെ പോലീസ് ഏര്‍പ്പാടാക്കിയിരുന്നു. വെട്ടുകത്തിയുമായി ഒളിച്ചിരുന്ന സ്ഥലം, കത്തി ഉപേക്ഷിച്ചസ്ഥലം എന്നിവ തെളിവെടുപ്പിനിടെ ചെന്താമര പോലീസിന് കാണിച്ചുനല്‍കി. കൃത്യം നടത്തിയശേഷം എങ്ങനെയാണ് രക്ഷപ്പെട്ടതെന്നും എങ്ങനെയാണ് കാട്ടില്‍കയറിയതെന്നും പ്രതി പോലീസിനോട് വിശദീകരിച്ചു.

യാതൊരു ഭാവവ്യത്യാസവുമില്ലാതെയാണ് ചെന്താമര കാര്യങ്ങളെല്ലാം പോലീസിന് മുന്നില്‍വിവരിച്ചത്. ചെന്താമരയുടെ വീട്ടിലും പോലീസ് തെളിവെടുപ്പ് നടത്തി. പ്രതിക്കെതിരേ ജനരോഷമുണ്ടായേക്കുമെന്ന് കരുതി നിരവധി പോലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നത്. ഇതിനാല്‍ അനിഷ്ടസംഭവങ്ങളൊന്നും ഇല്ലാതെ തെളിവെടുപ്പ് പൂര്‍ത്തിയാക്കാനായി.
തെളിവെടുപ്പ് നടപടികളെല്ലാം പോലീസ് ചിത്രീകരിച്ചിരുന്നു. ബുധനാഴ്ച വൈകീട്ട് നാലുമണി വരെയാണ് പ്രതിയുടെ കസ്റ്റഡി കാലാവധി. അതിനാല്‍ നാളെ വൈകീട്ടുതന്നെ ചെന്താമരയെ വീണ്ടും കോടതിയില്‍ ഹാജരാക്കും.
അതേസമയം, തെളിവെടുപ്പിനിടെ വകവരുത്തുമെന്നരീതിയില്‍ ചെന്താമര ആംഗ്യം കാണിച്ചതായി അയല്‍വാസിയായ പുഷ്പ മാധ്യമങ്ങളോട് പറഞ്ഞു. ”അയാളെ കണ്ടപ്പോള്‍ തന്നെ കൈയും കാലും വിറച്ചു. ഏതെങ്കിലും ഒരു പഴുത് കിട്ടിയിരുന്നെങ്കില്‍ അയാള്‍ എന്നെയും തീര്‍ത്തേനെ. അയാള്‍ക്ക് ഒരു കുറ്റബോധവുമില്ല. ഇപ്പോള്‍ ഇവിടെ താമസിക്കാന്‍ ഭയമാണ്. ഇനി മാറിത്താമസിക്കുകയാണ്. എനിക്ക് മടുത്തു. ഇവിടെ വെറുത്തുപോയി”, പുഷ്പ പറഞ്ഞു.
നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയന്‍ കോളനിയില്‍ സുധാകരന്‍(56), അമ്മ ലക്ഷ്മി(75) എന്നിവരെയാണ് അയല്‍വാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 2019-ല്‍ സുധാകരന്റെ ഭാര്യ സജിതയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയശേഷമാണ് അതേ കുടുംബത്തിലെ രണ്ടുപേരെ കൂടി ചെന്താമര കൊലപ്പെടുത്തിയത്. ഇരട്ടക്കൊലപാതകത്തിന് ശേഷം ഒളിവില്‍പോയ ചെന്താമരയെ 35 മണിക്കൂറിന് ശേഷമാണ് പോലീസിന് പിടികൂടാനായത്. മലമുകളില്‍ ഒളിവില്‍കഴിഞ്ഞിരുന്ന പ്രതി വിശപ്പ് സഹിക്കാന്‍ വയ്യാതായതോടെ മലയിറങ്ങി വീട്ടിലേക്ക് വരുന്നതിനിടെ പോലീസ് കാത്തിരുന്ന് പിടികൂടുകയായിരുന്നു.