
ഇടുക്കി: 16കാരിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 22കാരന് 25 വര്‍ഷം കഠിന തടവും 1,60,000 രൂപ പിഴയും ശിക്ഷ. ബയ്‌സണ്‍വാലി കാക്കക്കട സ്വദേശിയായ അജയഘോഷിനെയാണ് ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജി ലൈജുമോള്‍ ഷെരീഫ് ശിക്ഷിച്ചത്. പെണ്‍കുട്ടിയുമായി പ്രണയബന്ധം സ്ഥാപിച്ച ശേക്ഷം രാത്രികാലങ്ങളില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയം മനസിലാക്കി പല ദിവസങ്ങളില്‍ കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു കേസ്.
പിഴയൊടുക്കുന്ന തുക അതിജീവിതക്ക് നല്‍കണമെന്നും അല്ലാത്ത പക്ഷം അധിക ശിക്ഷ അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. കൂടാതെ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നല്‍കാനും കോടതി ശിപാര്‍ശ ചെയ്തു. വിവിധ വകുപ്പുകളിലെ ഏറ്റവും ഉയര്‍ന്ന ശിക്ഷയായ 20 വര്‍ഷം അനുഭവിച്ചാല്‍ മതിയാകും. 2021ല്‍ രാജാക്കാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 17 സാക്ഷികളെയും 17 രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ അഡ്വ. ഷിജോമോന്‍ ജോസഫ് കോടതിയില്‍ ഹാജരായി.
