CrimeNEWS

ഭാസ്കര കാരണവർ കൊലപാതകം, ഒരു ഫ്ലാഷ് ബാക്ക്: ഷെറിനെ മോചിപ്പിക്കരുതെന്ന് രമേശ് ചെന്നിത്തല ഗവർണർക്ക് കത്ത് നൽകി

      ചെങ്ങന്നൂർ ചെറിയനാട് സ്വ​ദേശി ഭാസ്കരകാരണവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് 2009 നവംബർ 7നാണ്. ഇയാളുടെ ഇളയ മകൻ ബിനു പീറ്ററിൻ്റെ ഭാര്യ ഷെറിനായിരുന്നു ഒന്നാം പ്രതി. കോട്ടയം സ്വദേശി ബാസിത് അലി രണ്ടാം പ്രതി. കൊലപാതകത്തിന് സഹായം നൽകിയ ഷാനു റാഷിദ്,  നിഥിൻ എന്നിവരാണ് മറ്റ് പ്രതികൾ. ഷെറിനുമായി രഹസ്യ ബന്ധം പുലർത്തിയവരായായിരുന്നു മൂവരും.

ശാരീരിക വെല്ലുവിളികളുള്ള മകൻ ബിനു പീറ്ററാൻ്റെ ഭാവി സുരക്ഷിതമാക്കാം എന്ന ലക്ഷ്യത്തോടെയാണ് 2001ൽ കാരണവർ ഷെറിനുമായുള്ള വിവാഹം  നടത്തിയത്. വിവാഹശേഷം ഷെറിനെയും അമേരിക്കയിലേക്ക് കൊണ്ടുപോയി.  ഭാസ്കരകരണവർക്കും ഭാര്യ അന്നമ്മക്കും ഒപ്പമായിരുന്നു ഷെറിൻ്റെയും താമസം. അവിടെ ജോലിക്ക് കയറിയ ഷെറിൻ ഒരു മോഷണക്കേസിൽ പിടിക്കപ്പെട്ടു. തുടർന്ന് ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ ആരംഭിച്ചു. തുടർന്ന്  കൈക്കുഞ്ഞുമായി ഷെറിനും ഭർത്താവ് ബിനുവും നാട്ടിലേക്ക് മടങ്ങി. ഭാര്യയുടെ മരണത്തോടെ 2007ൽ കാരണവരും അമേരിക്കയിലെ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി.

Signature-ad

ഷെറിനും ബിനുവും തമ്മിലുള്ള പൊരുത്തക്കേടുകളും ഷെറിനും മറ്റു പുരുഷന്മാരുമായുണ്ടായിരുന്ന സൗഹൃദങ്ങളും നാട്ടിൽ പാട്ടായി.  അക്കാലത്തെ സമൂഹ മാധ്യമമായ ഓര്‍ക്കൂട്ടും മൊബൈലും വഴിയാണ് ഷെറിൻ പുരുഷസൗഹൃദവലയം വിപുലീകരിച്ചത്. അവളുടെ വഴിവിട്ടബന്ധങ്ങൾ കണ്ടുപിടിച്ചതോടെ ഭാസ്കരകാരണവർ സാമ്പത്തിക കാര്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി. കൂടാതെ, ഷെറിനെ സ്വത്തിൽനിന്ന് ഒഴുവാക്കി.    ഇതോടെയാണ് കാരണവരെ കൊലപ്പെടുത്താൻ ഷെറിൽ തീരുമാനിച്ചത്.

മോഷണശ്രമത്തിനു വേണ്ടിയാണ് കൃത്യം നടത്തിയതെന്ന് വരുത്തിത്തീർക്കാൻ പ്രതികൾ ശ്രമിച്ചു. അതിനായി മുറിയിലും ഹാളിലും മുളകുപൊടി വിതറിയും വീട്ടിൽ ഉണ്ടായിരുന്ന ലാപ്ടോപ്പ്, കാമറകൾ, മൊബൈൽ ഫോണുകൾ സ്വർണ രുദ്രക്ഷ മാല, പണം എന്നിവ സംഘം എടുത്തുമാറ്റുകയും ചെയ്തു. എന്നാൽ കാരണവരുടെ മുറിയിലെ അലമാരയിൽ ഉണ്ടായിരുന്ന പണം  എടുക്കാൻ വിട്ടുപോയത് പൊലീസിന് സംശയമുണർത്തി. രാത്രി വീട്ടിലെ നായ്ക്കൾ കുരയ്ക്കാതിരുന്നതും സംശയം ബലപ്പെടുത്തി. തുടർന്ന് വീട്ടിലുള്ളവരെ കേന്ദ്രികരിച്ചായി അന്വേഷണം.

മരണാനന്തര ചടങ്ങുകൾക്ക് ശേഷം നടത്തിയ തെളിവെടുപ്പിലും ചോദ്യം ചെയ്യലിലും മരുമകൾ ഷെറിനാണ് കുറ്റക്കാരിയെന്ന് പൊലീസ് കണ്ടെത്തി. സുഹൃത്തുക്കളായ ബാസിത് അലി, ഷാനു റാഷിദ്, നിഥിൻ എന്നിവരാണ് കൊലപാതകത്തിന് ഷെറിന് സഹായം നൽകിയതെന്നും പൊലീസ് മനസിലാക്കി. കാരണവർ വധക്കേസിൽ മൂവരും തടവ് ശിക്ഷ അനുഭവിക്കുകയാണ്.

2010 ജൂൺ 11ന് മാവേലിക്കര അതിവേഗ കോടതിയാണ് ഷെറിനെ ‘ ശിക്ഷിച്ചത്. തുടർന്ന് ഷെറിനെ പൂജപ്പുര സെൻട്രൽ ജയിലേക്ക് മാറ്റി. അവിടെനിന്നു നെയ്യാറ്റിൻകര വനിതാ ജയിലേക്കും പിന്നീട് വിയ്യൂർ സെൻട്രൽ ജയിലേക്കും 2017 മാർച്ചിൽ തിരുവനന്തപുരം വനിതാ ജയിലേക്കും മാറ്റി. നെയ്യാറ്റിൻകര ജയിലിൽ അനധികൃതമായി മൊബൈൽ കൈവശം വെച്ചതിന് ഷെറിൻ അച്ചടക്ക നടപടി നേരിട്ടിരുന്നു. കഴിഞ്ഞ 14 വർഷങ്ങൾക്കിടെ 500 ദിവസത്തോളം ഷെറീന് പരോൾ അനുവദിച്ചിരുന്നു. അതിനിടെയാണ് മുൻഗണനകൾ ലംഘിച്ച് ഷെറിനെ  മോപ്പിക്കാനുള്ള മന്ത്രിസഭാ ശുപാർശ വന്നത്.

ഭാസ്കര കാരണവരെ കൊലചെയ്ത കേസിലെ പ്രധാന പ്രതിയും കാരണവരുടെ മരുമകളുമായ ഷെറിന് ശിക്ഷാ കാലയളവിൽ ഇളവ് അനുവദിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനെതിരേ കോൺ​ഗ്രസ് പ്രവർത്തക സമിതി അം​ഗം രമേശ് ചെന്നിത്തല ​ഗവർണർക്ക് കത്ത് നൽകി. ഷെറിന് ശിക്ഷയിൽ ഇളവ് അനുവദിക്കുന്നത് നിയമവിരുദ്ധവും സമൂഹത്തിനു തെറ്റായ സന്ദേശം നൽകുന്നതുമാണെന്ന് ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടി.

3 ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട ഷെറിൻ തടവിൽ കഴിയവേ, സഹതടവുകാരുമായും ഉദ്യോഗസ്ഥരുമായും ജയിലിൽ പ്രശ്നങ്ങളുണ്ടാക്കി. അതിനാൽ 4 തവണ ജയിൽ മാറ്റി. പ്രശ്നക്കാരിയായ ഷെറിനെ മോചിതയാക്കാനുള്ള മന്ത്രസഭ തീരുമാനം മിന്നൽ വേഗത്തിലായിരുന്നു. 25 വർഷത്തിലധികമായി തടവിലുള്ളവരെ വിട്ടയയ്ക്കണമെന്ന് ജയിൽ ഉപദേശക സമിതികളുടെ ശുപാർശകളിൽ തീരുമാനം നീളുമ്പോഴാണ് 14 വർഷം മാത്രം പൂർത്തിയാക്കിയ ഷെറിനെ മോചിപ്പിക്കാൻ  തീരുമാനിച്ചത്. ഇത് മന്ത്രിസഭയിലെ ഉന്നതരുടെ സ്വാധീനം മൂലമാണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.

ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ കാരണവരുടെ കുടുംബാം​ഗങ്ങളും നാട്ടുകാരും ശക്തമായി രം​ഗത്തു വന്നിട്ടുണ്ട്. കുറ്റവാളികളും രാഷ്ട്രീയ ഉന്നതരും തമ്മിലുള്ള ​ഗൂഢ ബന്ധത്തിന്റെ മറവിലാണ് കണ്ണൂർ വനിതാ ജയിൽ ഉപദേശക സമിതി ഷെറിനെ വിടുതൽ ചെയ്യാൻ ശുപാർശ ചെയ്തത്. ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്കടക്കം ഈ ഇളവുകൾ ലഭിച്ചിട്ടുണ്ട്. ഇത്തരം ശുപാർശകൾക്ക് ​ഗവർണർ അം​ഗീകാരം നൽകിയാൽ കുറ്റവാളികൾക്കു പ്രോത്സാഹനവും നിയമവ്യവസ്ഥയ്ക്കു വെല്ലുവിളിയുമാകുമെന്നു മാത്രമല്ല 58 വെട്ടേറ്റ് കൊല്ലപ്പെട്ട ടി പി ചന്ദ്രശേഖരൻ കേസിൽ ജീവ പര്യന്തം ശിക്ഷിക്കപ്പെട്ടവർക്കും പുറത്തിറങ്ങാൻ അവസരമൊരുക്കുമെന്ന് ചെന്നിത്തല മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിൽ പ്രതിക്ക് ഒരു കാരണവശാലും ശിക്ഷാ ഇളവ് അനുവദിക്കരുതെന്നും ഷെറിനെ വെറുതെ വിടാനുള്ള ഫയലിൽ ഒപ്പിടരുതെന്നും ചെന്നിത്തല ​ഗവർണർക്കു നൽകിയ കത്തിൽ ചെന്നിത്തല ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: