
പാലക്കാട്: അന്ധവിശ്വാസങ്ങള്‍ക്കും കൂടോത്രങ്ങള്‍ക്കും അടിമയായിരുന്നു കൊടും ക്രമിനലായ ചെന്താമര. സജിതയെ കൊല്ലാനുള്ള കാരണവും മറ്റൊന്നായിരുന്നില്ല. ചെന്താമരയുടെ ഭാര്യയും മക്കളും പിണങ്ങിപ്പോയത് സജിതയും അയല്‍വാസിയായ പുഷ്പയും ചേര്‍ന്ന് കൂടോത്രം ചെയ്തിട്ടാണെന്ന് ചെന്താമര വിശ്വസിച്ചു. കൂടോത്രം ചെയ്യാന്‍ അവര്‍ക്ക് കൂട്ടുനിന്നത് സജിതയുടെ ഭര്‍ത്താവ് സുധാകരനാണെന്ന് ചോദ്യം ചെയ്യലിനിടെ പ്രതി അന്ന് പൊലീസിനോട് വ്യക്തമാക്കിയിരുന്നു. തന്റെ ജീവിതം ഇല്ലാതാക്കിയത് ഇവര്‍ മൂന്നുപേരുമാണെന്നായിരുന്നു അയാളുടെ വിശ്വാസം. അതിന്റെ പകയായിരുന്നു നാടിനെ നടുക്കിയ അരുകൊലയിലേക്ക് നയിച്ചത്.
സ്ഥിരമായി മദ്യവും മറ്റു ലഹരിവസ്തുക്കളും ഉപയോഗിച്ചിരുന്ന ചെന്താമര ഭാര്യയുമായി സ്ഥിരം വഴക്കിടുമായിരുന്നു. ഭാര്യയെ മര്‍ദ്ദിക്കുന്നതും പതിവായിരുന്നു. ഇതു സഹിക്കവയ്യാതെയാണ് 2019ല്‍ ഭാര്യ പിണങ്ങിപ്പോയത്. അയല്‍വാസികള്‍ കൂടോത്രം വച്ചെന്ന കഥ ഭാര്യ അറിഞ്ഞിരുന്നില്ല. അവര്‍ പിണങ്ങിപ്പോയതോടെ, നാട്ടിലുള്ള ആരും സന്തോഷിക്കുന്നത് ചെന്താമരയ്ക്കു സഹിക്കാന്‍ പറ്റിയിരുന്നില്ല. രണ്ടുപേര്‍ കൂടി നിന്ന് എന്തെങ്കിലും സംസാരിച്ചു ചിരിക്കുന്നതു കണ്ടാല്‍ അത് അയാളെക്കുറിച്ചാണെന്ന് കരുതി അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. പിന്നീട് അത് അയല്‍ക്കാരുമായുള്ള പരസ്യമായ വഴക്കിലേക്കും കൈയേറ്റങ്ങളിലേക്കും നയിച്ചു. അതിന്റെ ഫലമാണ് സജിതയുടെ കൊലപാതകം.

2019ല്‍ സജിതയെ നിഷ്‌കരുണം കഴുത്തറുത്ത് കൊലപ്പെടുത്തിയതില്‍ ചെന്താമരയ്ക്ക് ഒട്ടും കുറ്റബോധമില്ലായിരുന്നു. അറിസ്റ്റിലായ ശേഷം തെളിവെടുപ്പ് സമയത്തും ചോദ്യം ചെയ്യലിനിടയിലും ഒരു പതര്‍ച്ചയുമുണ്ടായിരുന്നില്ല പ്രതിക്കെന്ന് അന്ന് കേസ് അന്വേഷിച്ച റിട്ട.ഡിവൈ.എസ്.പി കെ.എം.ദേവസ്യ പറഞ്ഞു.
അന്നു ചോദ്യം ചെയ്യുമ്പോള്‍, ചിലരെക്കൂടി കൊല്ലണമെന്നും അറസ്റ്റിലായതുകൊണ്ടാണ് അതിനു കഴിയാതിരുന്നതെന്നും ചെന്താമര പറഞ്ഞിരുന്നു. ആരെയാണെന്നു പറഞ്ഞിരുന്നില്ല. ഒരു കൊലപാതകം നടത്തി അഞ്ചുവര്‍ഷം ജയിലില്‍ കിടന്നിട്ടും അവനില്‍ യാതൊരു മാറ്റവുമുണ്ടായിട്ടില്ലെന്നതാണ് കഴിഞ്ഞ ദിവസത്തെ സംഭവങ്ങള്‍ തെളിയിക്കുന്നത്. ഇന്നും ആ പകയാണ് അവന്റെ മനസില്‍. പൊലീസ് ചെന്താമരയുടെ വീട്ടില്‍നിന്ന് വിഷക്കുപ്പി കണ്ടെടുത്തിട്ടുണ്ട്. ചെന്താമരയുടെ സ്വഭാവം അനുസരിച്ച്, ആത്മഹത്യ ചെയ്യാനുള്ള സാദ്ധ്യത കൂടുതലാണെന്നും റിട്ട. ഡിവൈ.എസ്.പി കെ.എം.ദേവസ്യ പറഞ്ഞു.