
മുഖപേജിലും പുറം പേജിലും നിറയെ പരസ്യങ്ങൾ കുത്തിനിറച്ചാണ് ഓരോ ദിവസവും ദിനപത്രങ്ങൾ എത്തുന്നത്. ഈ പരസ്യ പ്രളയത്തിൽ വാർത്തകൾ കണ്ടെത്താൻ തന്നെ പ്രയാസം. ഇതിനിടെയാണ് യാതൊരു സൂചനയും നൽകാതെ, വാർത്ത എത്ര വ്യാജേന മലയാളത്തിലെ മുഴുവൻ മുൻനിര പത്രങ്ങളും മുഖ പേജിൽ തന്നെ വ്യാജ പരസ്യം പ്രസിദ്ധീകരിച്ചത്. ഇതിൻ്റെ പേരിൽ വിഷൻ ഐഎഎസ് എന്ന സ്ഥാപനത്തിന് കേന്ദ്ര ഉപഭോക്തൃകാര്യ സംരക്ഷണ അതോരിറ്റി 3 ലക്ഷം രൂപയുടെ പിഴ ചുമത്തി.
ഈ സ്ഥാപനത്തില്‍ പഠിച്ച വിദ്യാർത്ഥികളുടെ വിജയ ശതമാനം സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുന്ന തരത്തില്‍ പരസ്യം നല്‍കിയതായി കണ്ടെത്തിയെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 2020ലെ സിവില്‍ സർവീസ് പരീക്ഷയില്‍ ആദ്യത്തെ 10 റാങ്കുകള്‍ നേടിയ എല്ലാവരും തങ്ങളുടെ സ്ഥാപനത്തില്‍ പഠിച്ചവരാണെന്ന് പരസ്യത്തില്‍ അവകാശപ്പെട്ടിരുന്നു. മാത്രമല്ല ഇവരുടെ ചിത്രങ്ങള്‍ സഹിതമാണ് പരസ്യങ്ങൾ നല്‍കിയത്.

ഈ വെള്ളിയാഴ്ച രാവിലെ പതിവുപോലെ പത്രമെടുത്ത വായനക്കാര്‍ അമ്പരപ്പിലും ആശയക്കുഴപ്പത്തിലും അകപ്പെട്ടു പോയി. മലയാള പത്രങ്ങളുടെ ഒന്നാം പേജില്‍ അച്ചടിച്ചുവന്ന വാര്‍ത്തകളാണ് ഈ അമ്പരപ്പിനു കാരണം. ‘നോട്ടുകള്‍ വേണ്ട, ഇനി ഡിജിറ്റല്‍ കറന്‍സി’ എന്ന തലക്കെട്ടോടെ വന്ന വാര്‍ത്തയില്‍ ഫെബ്രുവരി ഒന്ന് മുതല്‍ രാജ്യത്ത് കറന്‍സി നോട്ടുകള്‍ ഇല്ലാതാകുമെന്നും ഡിജിറ്റല്‍ കറന്‍സി മാത്രമായിരിക്കും ഉപയോഗിക്കുക എന്നും പ്രഖ്യാപിച്ചിരുന്നു. തലേദിവസം വരെ ഒരു സൂചന പോലുമില്ലാതിരുന്ന ഈ വാര്‍ത്ത പലരെയും ഞെട്ടിച്ചു.
വാര്‍ത്തയുടെ ആഘാതത്തില്‍ തങ്ങളുടെ പക്കലുള്ള നോട്ടുകള്‍ എന്തുചെയ്യണം എന്നറിയാതെ പലരും പരിഭ്രാന്തരായി. എന്നാല്‍ വീണ്ടും വായിച്ചപ്പോൾ ചില പൊരുത്തക്കേടുകള്‍ തോന്നി. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, ധനമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരുടെ പേരുകളില്‍ വന്ന തെറ്റുകള്‍ അവരില്‍ സംശയമുണര്‍ത്തി. ഇതിനിടെ ഒരു ചാനലിലെ പത്ര അവലോകന പരിപാടിയില്‍ അവതാരകന്‍ യാഥാര്‍ഥ്യമെന്ന് വിചാരിച്ച് ഈ വാര്‍ത്ത വായിക്കുകയും ചെയ്തുവത്രേ.
ഡിജിറ്റല്‍ കറന്‍സിയുടെ വാര്‍ത്ത മാത്രമല്ല, ഫിഫ ലോകകപ്പ് ഫൈനലില്‍ ഭൂമിയും ചൊവ്വയും ഏറ്റുമുട്ടുന്നു, കടലിനടിയില്‍ സ്ഥിരതാമസമാക്കാവുന്ന ഓഷ്യാനസ് എന്ന നഗരം, റോബോട്ട് മന്ത്രിസഭാംഗമാകുന്നു എന്നിങ്ങനെ അവിശ്വസനീയമായ പല വാര്‍ത്തകളും ഒന്നാം പേജില്‍ തന്നെ ഉണ്ടായിരുന്നു. സാധാരണ പത്രങ്ങളുടെ അതേ രൂപകല്‍പ്പനയും ഫോണ്ടുകളും ഉപയോഗിച്ചതിനാല്‍ വായനക്കാര്‍ പൂര്‍ണമായും തെറ്റിദ്ധരിക്കപ്പെട്ടു.
മലയാള മനോരമ, മാതൃഭൂമി, മാധ്യമം കേരളകൗമുദി തുടങ്ങി പ്രമുഖ പത്രങ്ങളെല്ലാം ഈ പരസ്യം ഒന്നാം പേജില്‍ അച്ചടിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി. ദേശാഭിമാനിയില്‍ ഈ പരസ്യം വന്നില്ല എന്നതും ശ്രദ്ധേയമായി. പത്രങ്ങളുടെ ഓഫീസിലേക്ക് വിളിച്ച് ആളുകള്‍ സത്യാവസ്ഥ അന്വേഷിച്ചു. ഫെബ്രുവരി ഒന്നു മുതല്‍ നോട്ടുകള്‍ ഇല്ലാതാകുമോ എന്നതായിരുന്നു പലരുടെയും ചോദ്യം.
ചില പരസ്യങ്ങൾ, സാധാരണ വാര്‍ത്തയെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ ‘അഡ്വര്‍ട്ടോറിയ’ലായി പത്രങ്ങള്‍ നല്‍കാറുണ്ട്. എന്നാല്‍ വെള്ളിയാഴ്ച മലയാളത്തിലെ പ്രമുഖ പത്രങ്ങളിലെല്ലാം വന്നത് അഡ്വര്‍ട്ടോറിയല്‍ എന്നതിലപ്പുറം ‘കബളിപ്പിക്കല്‍’ ആയിരുന്നു.
ഈ വിഷയത്തില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും പൊതുജനങ്ങളും കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. പത്രത്തിന്റെ ഒന്നാം പേജ്, പരസ്യത്തിനായി വിട്ടുകൊടുക്കുന്ന നടപടിയെയും വ്യാജ വാര്‍ത്തകള്‍ക്ക് സമാനമായ പരസ്യങ്ങള്‍ നല്‍കുന്നതിനെയും പലരും രൂക്ഷമായി വിമര്‍ശിച്ചു. ദിനപത്രങ്ങൾ ധാര്‍മിക മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കേണ്ടത് പ്രധാനമെന്ന് ഏവരും ചൂണ്ടിക്കാട്ടി. സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന ഈ പരസ്യ രീതി മാധ്യമ ധര്‍മ്മത്തിന് എതിരാണെന്നും അഭിപ്രായമുയർന്നു. പരസ്യം വാര്‍ത്തയെന്ന് തെറ്റിദ്ധരിപ്പിക്കുന്നത് വായനക്കാരെ വഞ്ചിക്കുന്ന പ്രവർത്തായാണ്, ഇത് മാധ്യമങ്ങളുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുന്ന പ്രവണതയാണ് എന്നും പലരും വിമർശിച്ചു.
സത്യസന്ധമായ വാര്‍ത്തകള്‍ നല്‍കേണ്ട മാധ്യമങ്ങള്‍ പരസ്യത്തിന്റെ പേരില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് നെറ്റിസന്‍സും പ്രതികരിച്ചു.
ഉപഭോക്തൃ സമിതിയുടെ ഇടപെടല്‍
ഇതിനിടെ കോഴിക്കോട് ജില്ലാ ഉപഭോക്തൃ വിദ്യാഭ്യാസ സമിതി ഈ വിഷയത്തില്‍ ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രസിദ്ധീകരിച്ച പത്രസ്ഥാപനങ്ങള്‍ മാപ്പ് പറയണമെന്ന് സമിതി ആവശ്യപ്പെട്ടു. പണം വാങ്ങി ജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്ന രീതിയിലുള്ള പരസ്യം പ്രസിദ്ധീകരിച്ചതില്‍ പത്രസ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.