കാസർകോട്: പുരാവസ്തു വകുപ്പിന്റെ അധീനതയിലുള്ള കുമ്പള ആരിക്കാടി കോട്ടയിൽ നിധി കുഴിച്ചെടുക്കാൻ എത്തിയ നാലംഗ സംഘത്തിലെ 2 പേർ പൊലീസ് പിടിയിലായി. കൂടെയുണ്ടായിരുന്ന മറ്റ് 2 പേർ ഓടി രക്ഷപ്പെട്ടു. ഇന്ന് (തിങ്കൾ) വൈകീട്ട് 4 മണിയോടെയാണ് സംഭവം. കോട്ടയ്ക്ക് അകത്തെ കിണറിന് ഉള്ളിലാണ് ഇവർ നിധി കുഴിക്കാൻ നോക്കിയത്.
പഞ്ചായത് മെമ്പറായ ഒരു രാഷ്ട്രീയ നേതാവിന്റെ നിർദേശ പ്രകാരമാണ് തങ്ങൾ നിധി കുഴിക്കാൻ എത്തിയതെന്ന് പിടിയിലായവർ വെളിപ്പെടുത്തി. സംഘത്തിൽ ഉണ്ടായിരുന്നത് കാസർകോട്, നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള യുവാക്കളാണ്.
കോട്ടയ്ക്കകത്തുനിന്നും ശബ്ദം കേട്ട് സമീപവാസികൾ എത്തിയപ്പോഴാണ് നിധി കുഴിക്കുന്നവരെ കണ്ടത്. ആളുകളെ കണ്ടയുടൻ പുറത്തുണ്ടായിരുന്ന 2 പേർ ഓടി രക്ഷപ്പെട്ടു.
അതേസമയം കിണറിനകത്ത് നിന്ന 2 പേർക്ക് രക്ഷപ്പെടാൻ സാധിച്ചില്ല. നാട്ടുകാർ ഇവരെ തടഞ്ഞുവെച്ച് പൊലീസിൽ വിവരം അറിയിച്ചു. കുമ്പള പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു.
ഇവർ 3 ദിവസം മുൻപും കോട്ടയ്ക്കകത്ത് നിധി അന്വേഷിച്ച് എത്തിയിരുന്നു. കണ്ണൂർ ചെങ്ങളായിയിൽ നിന്ന് കുറച്ചു ദിവസം മുമ്പ് നിധി കണ്ടെത്തിയിരുന്നു. പരിപ്പായി ഗവൺമെന്റ് എൽ പി സ്കൂളിനടുത്ത് സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിൽ നിന്നാണ് നിധി കണ്ടെത്തിയത്. മഴക്കുഴി എടുത്തുകൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് വെള്ളിനാണയങ്ങളും സ്വർണാഭരണങ്ങളും അടങ്ങിയ ഓട്ട് പാത്രം ലഭിച്ചത്. ഈ കാര്യം വിശ്വസിപ്പിച്ച് പ്രലോഭിപ്പിച്ചാണ് പഞ്ചായത്തു മെംബർ യുവാക്കളെ കോട്ടയിൽ എത്തിച്ചതെന്നാണ് വിവരം. നിധി കിട്ടിയാൽ എല്ലാവർക്കും തുല്യമായി പങ്കിടാമെന്ന് പറഞ്ഞിരുന്നതായും സൂചനയുണ്ട്. നിധി കുഴിക്കാൻ ഉപയോഗിച്ച മൺവെട്ടിയും മറ്റുപകരണങ്ങളും സ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്.