കണ്ണൂര്‍: മരിച്ചെന്നു കരുതി കണ്ണൂരില്‍ മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടെ ജീവന്റെ തുടിപ്പ് കണ്ടെത്തിയ പവിത്രന്‍ സുഖം പ്രാപിച്ചതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലെ 11 ദിവസം നീണ്ട ചികിത്സക്കൊടുവില്‍ പവിത്രന്‍ ആളുകളെ തിരിച്ചറിഞ്ഞു. ചെറുതായി സംസാരിക്കുന്നുമുണ്ട്. ഇതോടെ വീട്ടിലേക്ക് മടങ്ങി.
മംഗളൂരുവിലെ ആശുപത്രിയില്‍ നിന്നും മരിച്ചെന്നു കരുതിയാണ് പാച്ചപ്പൊയ്കയിലെ പുഷ്പാലയം വീട്ടില്‍ വെള്ളുവക്കണ്ടി പവിത്രനെ വീട്ടിലേക്ക് അയച്ചത്.
കഴിഞ്ഞ 13ന് രാത്രിയാണ് പവിത്രന്‍ ‘മരിച്ചു’ ജീവിച്ച സംഭം. ഗുരുതര ശ്വാസംമുട്ടലും വൃക്കരോഗവും ബാധിച്ച് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന പവിത്രന്‍ ഇനി 10 മിനിറ്റിലധികം ജീവിച്ചിരിക്കില്ലെന്നു വിധിച്ച ഡോക്ടര്‍മാര്‍ ആശുപത്രിയില്‍നിന്ന് പറഞ്ഞയച്ചു. കണ്ണൂരിലേക്കുള്ള യാത്രാമധ്യേ അനക്കമില്ലാതായതോടെ ബന്ധുക്കളും മരിച്ചെന്നുറപ്പിച്ചു.
തുടര്‍ന്ന് മൂന്നര മണിക്കൂറോളം സഞ്ചരിച്ച് രാത്രിയോടെ എ.കെ.ജി ആശുപത്രിയില്‍ എത്തിച്ചു. മാര്‍ച്ചറിയിലേക്ക് മാറ്റാന്‍ സ്ട്രെച്ചറുമായി ആംബുലന്‍സില്‍ കയറിയ ആശുപത്രി ജീവനക്കാരായ ജയനും അനൂപിനും ശരീരം അനങ്ങുന്നതായി തോന്നി. ഉടന്‍ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.
ഡോ. പൂര്‍ണിമ റാവുവിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് പവിത്രനെ ചികിത്സിച്ചത്. ആറു ദിവസത്തോളം ഗ്യാസ്ട്രോ ഐ.സി.യുവിലായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതോടെ വാര്‍ഡിലേക്ക് മാറ്റിയ പവിത്രന്‍ വെള്ളിയാഴ്ച വൈകീട്ടോടെ ഭാര്യ സുധക്കൊപ്പം വീട്ടിലേക്ക് മടങ്ങി.