പത്തനംതിട്ട: ഒരുമിച്ചിരുന്ന മദ്യപിച്ച സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കത്തിനൊടുവില്‍ ഹിറ്റാച്ചി ഡ്രൈവര്‍ മര്‍ദനമേറ്റു മരിച്ചു. പരുക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ച ശേഷം രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊക്കി കൂടല്‍ പോലീസ്.
കൂടല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒന്നാംകുറ്റിയില്‍ ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് സംഭവം. കഞ്ചോട് അയലത്ത് വീട്ടില്‍ മനുവാ(36)ണ് മരിച്ചത്. ഒന്നാംകുറ്റി കരയോഗമന്ദിരത്തിന് സമീപം താമസിക്കുന്ന ശിവപ്രസാദിനെ കൂടല്‍ പോലീസ് കുമ്പഴയില്‍ നിന്ന് പിടികൂടുകയായിരുന്നു. വീട്ടില്‍ ശിവപ്രസാദ് ഒറ്റയ്ക്കാണ് താമസം. ഇയാളുടെ അമ്മയും സഹോദരിയും അമേരിക്കയിലാണ്. ഇന്നലെ രാത്രി മുതല്‍ ഇവിടെ വച്ച് മനുവും ശിവപ്രസാദും ചേര്‍ന്ന് മദ്യപിക്കുകയായിരുന്നു.
പുലര്‍ച്ചെയാണ് വാക്കുതര്‍ക്കവും മര്‍ദനവും ഉണ്ടായത്. അടിയേറ്റ് വീണ മനുവിനെ ശിവപ്രസാദ് തന്നെയാണ് ആംബുലന്‍സില്‍ കയറ്റി പത്തനാപുരം ഇ.എം.എസ് ആശുപത്രിയില്‍ എത്തിച്ചത്. മനു മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ ശിവപ്രസാദ് അവിടെ നിന്ന് മുങ്ങുകയായിരുന്നു. മനുവിന്റെ ദേഹമാസകലം മുറിവുകളും പരുക്കുകളുമുണ്ട്. തലയിലും മുറിവുണ്ട്. കോന്നി ഡിവൈ.എസ്.പി ടി. രാജപ്പന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.