പത്തനംതിട്ട: കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയും സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തിന്റെ ഭാഗമായി. ഇന്ന് ജോലിക്ക് എത്തില്ലെന്ന് രേഖാമൂലം കത്ത് നല്‍കി . നിലവില്‍ കലക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലാണ് മഞ്ജുഷ ജോലി ചെയ്യുന്നത്. നേരത്തെ എന്‍ജിഒ യൂണിയന്റെ സജീവപ്രവര്‍ത്തകയായിരുന്നു മഞ്ജുഷ.
നവീന്‍ ബാബുവിന്‍െ്‌റ മരണത്തിനു പിന്നാലെ മഞ്ജുഷയെ കോന്നി തഹസില്‍ദാര്‍ സ്ഥാനത്തുനിന്നു മാറ്റി പത്തനംതിട്ട കളക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് നിയമിച്ചിരുന്നു. മഞ്ജുഷയുടെ അപേക്ഷ പരിഗണിച്ച് ലാന്‍ഡ് റവന്യൂ കമ്മീഷണറാണ് സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവ് ഇറക്കിയത്.
കോണ്‍ഗ്രസ്, സിപിഐ അനുകൂല സംഘടകളുടെ നേതൃത്വത്തിലാണ് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പണിമുടക്കുന്നത്. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക, ശമ്പള പരിഷ്‌കരണ നടപടികള്‍ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.
കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള 15 സര്‍വീസ് സംഘടകളുടെ കൂട്ടായ്മയായ സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്റെയും സിപിഐയുടെ ആഭിമുഖ്യത്തിലുള്ള ജോയിന്റ് കൗണ്‍സിലിന്റെയും നേതൃത്വത്തിലാണ് പ്രക്ഷോഭം. സമരത്തിനെ നേരിടാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഡയസ്‌നോണിനെ സംഘടനാ നേതാക്കള്‍ തള്ളിയിരുന്നു.