തിരുവനന്തപുരം: കഠിനംകുളത്തു പട്ടാപ്പകല്‍ വീടിനുള്ളില്‍ കയറി യുവതിയെ കഴുത്തറുത്തു കൊന്ന സംഭവത്തില്‍, വധിക്കുമെന്ന ഭീഷണി നേരത്തേതന്നെ ഉണ്ടായിരുന്നതായി വെളിപ്പെടുത്തല്‍. വടക്കേവിള പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വെഞ്ഞാറമൂട് ആലിയാട് പ്ലാവിള വീട്ടില്‍ ആതിര (മാളു 30) ആണ് കൊല്ലപ്പെട്ടത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടയാള്‍ തന്നെ വധിക്കുമെന്നു ഭീഷണിപ്പെടുത്തിയിരുന്നതായി ഭര്‍ത്താവ് രാജീവിനോട് തിങ്കളാഴ്ച ആതിര പറഞ്ഞിരുന്നു.
രാജീവ് ഇക്കാര്യം പുറത്തു പറഞ്ഞില്ല. ആതിര കൊല്ലപ്പെട്ട ശേഷമാണു രാജീവ് ക്ഷേത്ര ഭാരവാഹികളില്‍ ചിലരോടും പൊലീസിനോടും ഇക്കാര്യം പറഞ്ഞത്. ഇതു പുറത്തു പറഞ്ഞാല്‍ ജീവനൊടുക്കുമെന്ന് ആതിര പറഞ്ഞതിനാലാണ് നേരത്തെ ആരെയും അറിയിക്കാത്തതെന്നും രാജീവ് വ്യക്തമാക്കി. ആതിര കൂടുതല്‍ സമയം സമൂഹമാധ്യമത്തില്‍ ചെലവഴിക്കുന്നതു പലതവണ വിലക്കിയിട്ടുണ്ടെന്നും രാജീവ് പൊലീസിനു മൊഴി നല്‍കി.
ആതിര സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടുവെന്നു കരുതുന്ന എറണാകുളം സ്വദേശിക്കായി തിരച്ചില്‍ തുടരുകയാണ്. ആതിരയുടെ സ്‌കൂട്ടറില്‍ തന്നെയാണു കൊലപാതകി കടന്നുകളഞ്ഞത്. ഈ സ്‌കൂട്ടര്‍ പിന്നീട് ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പ്രതി ട്രെയിനില്‍ കയറി സ്ഥലംവിട്ടെന്നാണു നിഗമനം. 4 സംഘങ്ങളായി തിരിഞ്ഞാണു പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
ആതിരയുടെ കൊലപാതകം വിശദമായി ആസൂത്രണം ചെയ്താണു നടപ്പാക്കിയതെന്നാണു പൊലീസിന്റെ നിഗമനം. കൊലപാതകി മതില്‍ ചാടിക്കടന്ന് തൊട്ടടുത്ത വീടിന്റെ ടെറസ് വഴി ആതിരയുടെ വീട്ടിലെത്തി. ഇയാള്‍ രണ്ടു ദിവസം മുന്‍പ് കഠിനംകുളത്ത് എത്തി പെരുമാതുറയില്‍ വാടകയ്ക്കു താമസിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. സമൂഹമാധ്യമത്തിലൂടെ ദീര്‍ഘനാളായി ആതിരയുമായി അടുപ്പമുണ്ടായിരുന്ന യുവാവ് ആതിരയെ വധിക്കണമെന്ന ഉദ്ദേശ്യത്തോടെയാകാം വാടകയ്ക്കു താമസമാരംഭിച്ചത്. ഭര്‍ത്താവിനെയും മകനെയും ഉപേക്ഷിച്ചു തനിക്കൊപ്പം വരാന്‍ ഇയാള്‍ ആതിരയോട് ആവശ്യപ്പെട്ടെങ്കിലും നിരസിച്ചതിന്റെ പകയാകാം കൊലപാതകത്തിനു കാരണമായതെന്നു പൊലീസ് കരുതുന്നു. തൊട്ടടുത്ത് വീടുകള്‍ ഉണ്ടെങ്കിലും ആതിരയുടെ നിലവിളിയോ ബഹളമോ ആരും കേട്ടില്ല. കൊല്ലാനുപയോഗിച്ച കത്തി കണ്ടെടുത്തു. കഴുത്തു മുറിഞ്ഞ നിലയിലാണ് മൃതദേഹം കട്ടിലില്‍ കിടന്നത്.
ആതിരയുടെ ഭര്‍ത്താവ് ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിലെ പൂജാരിയായ രാജീവ് പതിനൊന്നരയോടെ വീട്ടിലെത്തിയപ്പോഴാണ് ആഴത്തില്‍ കത്തി കുത്തിയിറക്കി കഴുത്തു മുറിച്ച നിലയില്‍ മൃതദേഹം കണ്ടത്. ആറുവയസ്സുകാരനായ മകനെ സ്‌കൂള്‍ ബസില്‍ കയറ്റിവിടാന്‍ രാവിലെ എട്ടരയോടെ ആതിര എത്തിയത് അയല്‍ക്കാര്‍ കണ്ടിരുന്നു. കായംകുളം സ്വദേശിയായ രാജീവ് 24 വര്‍ഷമായി ഭരണിക്കാട് ഭഗവതി ക്ഷേത്ര പൂജാരിയാണ്.
ആലിയാട് സ്വദേശികളായ കുട്ടപ്പന്റെയും അമ്പിളിയുടെയും മകള്‍ ആതിരയെ 8 വര്‍ഷം മുന്‍പാണു വിവാഹം കഴിച്ചത്. ക്ഷേത്ര ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ഇവര്‍ താമസിക്കുന്നതും. ആതിരയുടെ മൃതദേഹം മോര്‍ച്ചറിയില്‍.