തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ പ്രഖ്യാപിച്ച പണിമുടക്ക് ഓഫീസുകളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കും. കോണ്‍ഗ്രസ്, സിപിഐ അനുകൂല സംഘടനകളുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തുന്ന സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. ജോലിക്കു ഹാജരാകാത്തവരുടെ ശമ്പളം ഫെബ്രുവരിയിലെ ശമ്പളത്തില്‍ കുറയ്ക്കും. അനധികൃത അവധികളും ഡയസ്‌നോണില്‍ ഉള്‍പ്പെടുത്തും.
കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള 15 സര്‍വീസ് സംഘടനകളും സിപിഐയുടെ ആഭിമുഖ്യത്തിലുള്ള ജോയിന്റ് കൗണ്‍സിലുമാണു സമരം പ്രഖ്യാപിച്ചത്. ഡയസ്‌നോണിനെ തള്ളിക്കളയുകയാണെന്നു സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക, ശമ്പളപരിഷ്‌കരണ നടപടികള്‍ ആരംഭിക്കുക, ഡിഎ കുടിശിക വെട്ടിക്കുറച്ചതു പിന്‍വലിക്കുക, ലീവ് സറണ്ടര്‍ അനുവദിക്കുക, മെഡിസെപ് സര്‍ക്കാര്‍ ഏറ്റെടുക്കുക എന്നിവയാണു പ്രധാന ആവശ്യങ്ങള്‍.
സെക്രട്ടേറിയറ്റിനു മുന്നിലും വിവിധ ഓഫിസുകളിലും ജില്ലാ തലത്തിലും സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തും. സമരത്തില്‍ പങ്കെടുക്കാത്ത ജീവനക്കാരുള്ള ഓഫിസുകള്‍ക്കു പൊലീസ് സംരക്ഷണം നല്‍കും. സെക്രട്ടേറിയറ്റ്, വില്ലേജ് താലൂക്ക് ഓഫിസുകള്‍, കലക്ടറേറ്റുകള്‍, മൃഗസംരക്ഷണ ഓഫിസുകള്‍ എന്നിവിടങ്ങളിലും ജീവനക്കാര്‍ സമരം ചെയ്യുമെന്നു സംഘടനകള്‍ പറഞ്ഞു. ജീവനക്കാര്‍ പണിമുടക്കുന്നതോടെ, വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന സാധാരണക്കാര്‍ വലയും. ആനുകൂല്യങ്ങള്‍ കിട്ടാനുണ്ടെങ്കിലും സമരത്തിനില്ലെന്നു സിപിഎം അനുകൂല സര്‍വീസ് സംഘടനകള്‍ പറഞ്ഞു.