ജയിലിലെത്തുന്ന കുറ്റവാളികളെയും റിമാൻ്റ് തടവുകാരെയുമൊക്കെ പ്രവേശന കവാടത്തിൽ വച്ചു തന്നെ നാല് അടികൊടുത്താണ് അകത്തേയ്ക്ക് ആനയിക്കുന്നത്. പക്ഷേ സമ്പന്നന്മാർക്ക് അവിടെ രാജകിയ സ്വീകരണം ലഭിക്കുന്നു. നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ ജയിലിലായ ബോബി ചെമ്മണ്ണൂരിനും ജയിലിൽ ലഭിച്ചത് വൻ സ്വീകരണമാണ്. ഇയാൾക്ക് വഴിവിട്ട് സഹായം ചെയ്ത സംഭവത്തിൽ രണ്ട് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മധ്യമേഖലാ ജയിൽ ഡിഐജി പി അജയകുമാർ, എറണാകുളം ജയിൽ സൂപ്രണ്ട് രാജു എബ്രഹാം എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായയുടെ റിപ്പോർട്ടിലെ ശുപാർശ പരിഗണിച്ചാണ് നടപടി.
റിമാൻഡിൽ കഴിയവേ ബോബി ചെമ്മണ്ണൂരിന്‍റെ സുഹൃത്തുക്കളുമായി മധ്യമേഖല ഡിഐജി പി അജയകുമാർ ജയിലിലെത്തി സൂപ്രണ്ടിൻ്റെ മുറിയിൽ കൂടിക്കാഴ്ചയക്ക് അവസരം നൽകിയെന്നാണ് ജയിൽ മേധാവിയുടെ കണ്ടെത്തൽ. ജയിൽ ചട്ടങ്ങൾ ലംഘിച്ചുള്ള നടപടിയായതിനാണ് അച്ചടക്ക നടപടിയിലേക്ക് കടന്നത്.
അപേക്ഷ നൽകാതെയും ഗേറ്റ് റജിസ്റ്ററിൽ രേഖപ്പെടുത്താതെയും സന്ദർശകരെ അകത്തു പ്രവേശിപ്പിച്ചു, തടവുകാരനു ചട്ടവിരുദ്ധമായി നേരിട്ടു പണം കൈമാറി, ജയിലിലെ പ്രോപ്പർട്ടി റജിസ്റ്ററിൽ തിരുത്തൽ വരുത്തി, സൂപ്രണ്ടിന്റെ മുറിയിൽ തടവുകാരനു ശുചിമുറി സൗകര്യം നൽകി എന്നിവയാണ് ഇരുവർക്കുമെതിരെ കണ്ടെത്തിയ കുറ്റങ്ങൾ. ഡിഐജി എത്തിയതു ബോബി ചെമ്മണൂരിന്റെ കാറിലാണെന്നും കണ്ടെത്തി. ഒപ്പമുണ്ടായിരുന്നവരിൽ ഒരാൾ തൃശൂരിലെ ‘പവർ ബ്രോക്കർ.’
ജയിൽ സൂപ്രണ്ട് ഒഴികെയുള്ള മുഴുവൻ ഉദ്യോഗസ്ഥരും ഡിഐജിക്കെതിരെ മൊഴി നൽകി. മേലുദ്യോഗസ്ഥനെതിരെ മൊഴി നൽകാൻ തയാറല്ലെന്നു നിലപാടെടുത്ത സൂപ്രണ്ട് അന്വേഷണത്തോടു സഹകരിച്ചില്ല എന്നും റിപ്പോർട്ടിലുണ്ട്. സിസിടിവി ക്യാമറ പ്രവർത്തിക്കുന്നില്ലെന്നാണു സൂപ്രണ്ട് അറിയിച്ചതെങ്കിലും ഡിഐജിയുടെ പരിശോധനയിൽ പ്രവർത്തിക്കുന്നുണ്ട് എന്നു കണ്ടെത്തി. തൊട്ടടുത്തുള്ള വനിതാ ജയിലിൽ സ്ഥാപിച്ചിരുന്ന ക്യാമറയിൽനിന്ന്, കാറിൽ മധ്യമേഖലാ ജയിൽ ഡിഐജിയും സംഘവും വന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചു.