തിരുവനന്തപുരം: കൂത്താട്ടുകുളത്ത് കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയത് നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ ആവശ്യം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന സ്ത്രീ സുരക്ഷ എന്താണെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച അനൂപ് ജേക്കബ് എംഎല്‍എ ചോദിച്ചു.
‘കേരളത്തില്‍ എവിടെയാണ് സ്ത്രീകള്‍ക്ക് സുരക്ഷിതത്വമുള്ളത്. സ്ത്രീ സുരക്ഷ ഉറപ്പുനല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞ് രണ്ടാഴ്ചയ്ക്കുശേഷമാണ് കൂത്താട്ടുകുളത്തെ സംഭവം. ഒരു സിപിഎം കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയി അപമാനിച്ചു. കേരളത്തില്‍ പട്ടാപ്പകല്‍ സ്ത്രീകളെ പാര്‍ട്ടിക്കാര്‍ തന്നെ തട്ടിക്കൊണ്ടുപോകുന്നു. വസ്ത്രക്ഷേപം ചെയ്യുന്നതാണോ സ്ത്രീ സുരക്ഷ? കാല് തല്ലി ഒടിക്കുമെന്ന് പറയുന്നതാണോ സുരക്ഷ? അവിശ്വാസ പ്രമേയത്തെ ആശയപരമായി നേരിടാന്‍ പോലും സിപിഎമ്മിന് കരുത്തില്ലേ. ഹണി റോസ് കേസില്‍ ശര വേഗത്തില്‍ നടപടി സ്വീകരിച്ച പൊലീസ് ഈ കേസില്‍ മെല്ലെപ്പോക്കിലാണ്’,- അനൂപ് ജേക്കബ് ആരോപിച്ചു.
എന്നാല്‍ സംഭവത്തില്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുരക്ഷ ഒരുക്കിയെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. സംഭവത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്തു. നടപടി സ്വീകരിച്ചുവരുകയാണ്. കല രാജുവിനെ സ്വാധീനിക്കാന്‍ ശ്രമം ഉണ്ടായി. സ്വാധീനത്തിന് വഴങ്ങിയെങ്കില്‍ സ്ഥാനം ഒഴിയണം. കാലുമാറ്റത്തെ അതേരീതിയില്‍ അംഗീകരിക്കാമോയന്നും അദ്ദേഹം ചോദിച്ചു.
‘സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സംസ്ഥാനം സ്വീകരിച്ചുവരുന്നത്. അത് പൊതുവെ അംഗീകരിക്കപ്പെട്ടതുമാണ്. ജനാധിപത്യത്തിന് നിരക്കാത്ത കാലുമാറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് പ്രധാന പ്രശ്‌നം. കല രാജുവിന് ഉണ്ടായ പരാതിയില്‍ ശക്തമായ നടപടി പോലീസ് സ്വീകരിച്ചിട്ടുണ്ട്. തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടി ഉണ്ടാകും. സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണം ഗൗരവമായി കാണും.
അവരുടെ പരാതി ഗൗരവമായി കണ്ടു നടപടി സ്വീകരിക്കും. സ്ഥലത്ത് സംഘര്‍ഷാവസ്ഥയോ മറ്റു ക്രമസമാധാന പ്രശ്നങ്ങളോ നിലവിലില്ല. ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനാവശ്യമായ എല്ലാ നടപടികളും പോലീസ് സ്വീകരിച്ചുവരുന്നു. അതിനാല്‍ ഇക്കാര്യം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ടതില്ല’,- മുഖ്യമന്ത്രി പറഞ്ഞു
തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രസംഗം ഭരണപക്ഷ അംഗങ്ങള്‍ തടസപ്പെടുത്തിയതോടെ സഭ പ്രക്ഷുബ്ദമായി. കയ്യിലിരുന്ന പേപ്പര്‍ വലിച്ചെറിഞ്ഞ് എന്ത് തെമ്മാടിത്തമാണിതെന്ന് സ്പീക്കറോട് പ്രതിപക്ഷനേതാവ് ചോദിച്ചു. എന്തും ചെയ്യാമെന്നാണോയെന്ന് ചോദിച്ച അദ്ദേഹം ബഹളം വച്ച ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെയും രൂക്ഷമായി വിമര്‍ശിച്ചു. കാപ്പാ കേസ് പ്രതിയെ മാലയിട്ട് സ്വീകരിച്ച മന്ത്രിയാണ് വീണയെന്ന് സതീശന്‍ പറഞ്ഞു. പിന്നാലെ കോണ്‍ഗ്രസ് അംഗങ്ങള്‍ നിയമസഭയില്‍ നിന്ന് വാക്കൗട്ട് നടത്തി.