CrimeNEWS

മൈസൂരുവില്‍ മുഖംമൂടി ആക്രമണം; മലയാളി വ്യവസായികളില്‍നിന്ന് 1.5 ലക്ഷം കവര്‍ന്നു

ബംഗളൂരു: മൈസൂരുവിന് സമീപം മുഖംമൂടി ധരിച്ചെത്തിയ ഏഴംഗ സംഘം കോഴിക്കോട് സ്വദേശികളായ വ്യവസായികളെ മര്‍ദിച്ച് 1.5 ലക്ഷം രൂപയും കാറുമായി കടന്നുകളഞ്ഞു. കൊടുവള്ളി സ്വദേശി മുഹമ്മദ് അഷ്‌റഫ് (45), സൂഫി എന്നിവരെയാണ് ആക്രമിച്ചത്. കാര്‍ 4 കിലോമീറ്റര്‍ അകലെ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

മൈസൂരുമാനന്തവാടി റോഡിലെ ജയപുര ഹാരോഹള്ളിയില്‍ തിങ്കളാഴ്ച രാവിലെ 9.15നാണ് സംഭവം. കോഴിക്കോട്ടുനിന്ന് എച്ച്ഡി കോട്ടയിലേക്ക് വരികയായിരുന്ന കാറിനെ മറ്റു 3 കാറുകളിലായി പിന്തുടര്‍ന്ന സംഘം വഴിയില്‍ തടഞ്ഞു നിര്‍ത്തി. ഡോര്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും നിരസിച്ചതോടെ കാറിന്റെ ഗ്ലാസുകള്‍ തകര്‍ത്തു. തുടര്‍ന്ന് കാറില്‍നിന്ന് 2 പേരെയും വലിച്ചിറക്കി മര്‍ദിക്കുകയായിരുന്നു.

Signature-ad

എച്ച്ഡി കോട്ടയില്‍ കമുകിന്‍ തോട്ടം വാങ്ങുന്നതിന് മുന്‍കൂറായി നല്‍കാനുള്ള പണമാണു കവര്‍ന്നതെന്ന് കേസ് അന്വേഷിക്കുന്ന ജയപുര പൊലീസിന് അഷ്‌റഫ് മൊഴി നല്‍കി. വസ്തു ബ്രോക്കറായ സൂഫിക്കും അഷ്‌റഫിനും ഹംപാപുര സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കി. മൈസൂരു റൂറല്‍ ഡിവൈഎസ്പി രഘുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധിച്ചു. ബീദര്‍, ഉള്ളാല്‍ എന്നിവിടങ്ങളിലെ ബാങ്ക് കവര്‍ച്ചയ്ക്കു പിന്നാലെയാണു സമാന സംഭവം. ബീദറില്‍ 2 സുരക്ഷ ജീവനക്കാരെ കൊലപ്പെടുത്തിയ ശേഷം എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുവന്ന 93 ലക്ഷം രൂപയുമായി കടന്ന സംഘത്തെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: