KeralaNEWS

കോൺഗ്രസിലേയ്ക്കുള്ള വഴി അടഞ്ഞു, അൻവർ ഇനി  തൃണമൂലിൽ; കേരളത്തിലെ 4 എംഎൽഎമാർ ഒപ്പം വരുമെന്നു വാഗ്ദാനം

കോൺഗ്രസിൽ ചേരാനും യു.ഡി.എഫിൻ്റെ ഭാഗമാകാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് പി.വി അൻവർ തൃണമൂൽ കോൺഗ്രസിലേയ്ക്ക്. തൃണമൂൽ നേതാവും എംപിയുമായ അഭിഷേക് ബാനർജിയാണ് അൻവറിന് അംഗത്വം നൽ‌കിയത്. അൻവറിനെ സ്വാഗതം ചെയ്ത തൃണമൂൽ, രാജ്യക്ഷേമത്തിനായി ഒരുമിച്ചു പ്രവർത്തിക്കാമെന്ന കുറിപ്പോടെ എക്സിൽ ചിത്രങ്ങളും പങ്കുവച്ചു.

അൻവറിന്റെ നീക്കങ്ങൾഅതീവ രഹസ്യമായിട്ടായിരുന്നു. 3 ദിവസം മുൻപാണു തൃണമൂലിലേക്കു പോകാനുള്ള ചർച്ചകൾ ആരംഭിച്ചത്. തൃണമൂൽ യുവനേതാവും രാജ്യസഭാ എംപിയുമായ സുഷ്മിത ദേവിന്റെ നേതൃത്വത്തിലായിരുന്നു ചർച്ചകൾ.  കേരളത്തിൽനിന്ന് തനിക്കൊപ്പം 4 എംഎൽഎമാരെക്കൂടി തൃണമൂലിലേക്ക് അൻവർ വാഗ്ദാനം ചെയ്തെന്നാണു വിവരം. കേരളത്തോടു താൽപര്യമുള്ള തൃണമൂൽ ഇവിടെ നേരത്തേതന്നെ സർവേകൾ നടത്തിയിരുന്നു. അൻവറിലൂടെയും ഒപ്പമുള്ള എംഎൽഎമാരിലൂടെയും കേരളത്തിൽ ശക്തമായ സാന്നിധ്യമാകാമെന്നാണു തൃണമൂലിന്റെ കണക്കുകൂട്ടൽ.

Signature-ad

കേരളത്തിലെ സിപിഎമ്മിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും യുദ്ധം പ്രഖ്യാപിച്ച അൻവർ യുഡിഎഫിൽ ചേരുമെന്ന തരത്തിൽ ചർച്ചകളും കൂടിക്കാഴ്ചകളും പുരോഗമിക്കെയാണ്, അപ്രതീക്ഷിതമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നയിക്കുന്ന തൃണമൂലിന്റെ ഭാഗമയത്. നേരത്തേ, തമിഴ്നാട്ടിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നയിക്കുന്ന ഡിഎംകെയുടെ സഖ്യകക്ഷിയായി കേരളത്തിൽ പ്രവർത്തിക്കാനും അൻവർ ആലോചിച്ചിരുന്നു. ചെന്നൈയിലെത്തി ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. പിന്നീട് സ്വന്തമായി പാർട്ടി രൂപീകരിച്ചപ്പോൾ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ) എന്നാണു പേരിട്ടത്. ഇന്ത്യാ മുന്നണിയുമായി ചേർന്നു പ്രവർത്തിക്കുകയായിരുന്നു ലക്ഷ്യം. ഇതേ ഉദ്ദേശ്യത്തോടെയാണ് ഇപ്പോൾ തൃണമൂലിനൊപ്പം ചേർന്നതെന്നാണു വിവരം.

അൻവർ കഴിഞ്ഞദിവസം പാണക്കാട്ടെത്തി സാദിഖലി ശിഹാബ് തങ്ങളെയും തുടർന്ന്  പി.കെ കുഞ്ഞാലിക്കുട്ടിയെയും സന്ദർശിച്ചിരുന്നു. അൻവറിനെ യുഡിഎഫുമായി സഹകരിപ്പിക്കുന്ന വിഷയത്തിൽ കോൺഗ്രസ് എടുക്കുന്ന ഏതു തീരുമാനത്തിനും ഒപ്പം നിൽക്കുമെന്നു മുസ്‍ലിം ലീഗ് അറിയിച്ചു. എന്നാൽ കോൺഗ്രസ് നേതാക്കളെ കാണാൻ ലക്ഷ്യമിട്ട് അൻവർ തിരുവനന്തപുരത്ത് എത്തിയെങ്കിലും ആരും അൻവറിനു കൂടിക്കാഴ്ച അനുവദിച്ചില്ല. സമരത്തിന്റെ പേരിൽ എംഎൽഎയെ അറസ്റ്റ് ചെയ്ത രീതിയോടുള്ള പ്രതികരണത്തെ, അൻവറിനു പിന്തുണ നൽകുന്നതായി ദുർവ്യാഖ്യാനം ചെയ്തെന്നാണു യുഡിഎഫ് നേതാക്കൾ പറയുന്നത്.

പഴയ അനുയായി എന്ന നിലയിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് അൻവറിനോടു താൽപര്യമുണ്ടായിരുന്നു. എന്നാൽ, രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ചിട്ടുള്ള അൻവറിനെ സ്വീകരിക്കുന്നതിൽ കോൺഗ്രസിൽ അഭിപ്രായ സമന്വയം ഉണ്ടായിരുന്നില്ല. കേരളത്തിൽ രാഷ്ട്രീയ മേൽവിലാസം ഉറപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ്, ദേശീയ രാഷ്ട്രീയത്തിലെ ശക്തമായ പ്രതിപക്ഷ സാന്നിധ്യമായ തൃണമൂലിനൊപ്പം അൻവർ ചേർന്നത്. ഇന്ത്യാമുന്നണിയുടെ ഭാഗമായ തൃണമൂലിന്റെ സംസ്ഥാന നേതാവായി കേരളത്തിൽ തിരിച്ചെത്തുന്ന അൻവറിനോട് എൽഡിഎഫും യുഡിഎഫും എന്തുനിലപാട് സ്വീകരിക്കുമെന്നു വരും ദിവസങ്ങളിലറിയാം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: