ന്യൂഡൽഹി: കോടതികൾക്കാണു തെറ്റു പറ്റിയതെന്നു സ്ഥിരീകരിച്ചും നഷ്ടപ്പെട്ട വർഷങ്ങൾ തിരിച്ചു നൽകാൻ കഴിയില്ലെന്നു ഖേദം പ്രകടിപ്പിച്ചും 25 വർഷം തടവിൽ കഴിഞ്ഞ കൊലക്കേസ് പ്രതിയെ സുപ്രീം കോടതി മോചിപ്പിച്ചു. ഉത്തരാഖണ്ഡ് സ്വദേശി ഓം പ്രകാശിനാണ് വൈകിയാണെങ്കിലും നീതിപീഠത്തിത്തിൻ്റെ കാരുണ്യം ലഭിച്ചത്. കുറ്റകൃത്യം നടക്കുമ്പോൾ പ്രതിക്കു പ്രായപൂർത്തിയായിരുന്നില്ല എന്നു കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 1994ൽ കുറ്റകൃത്യം നടക്കുമ്പോൾ പ്രതിക്ക് 14 വയസ്സു മാത്രമേ ഉണ്ടായിരുന്നുള്ളു എന്നും കോടതി കണ്ടെത്തി.
ഓം പ്രകാശ് ശിക്ഷിക്കപ്പെട്ടത് 1994 ൽ ഒരു കൊലപാതക കേസിലാണ്. പ്രതിക്കു പ്രായപൂർത്തിയായിരുന്നില്ല എന്ന വാദം വിചാരണ ഘട്ടത്തിൽ ഉന്നയിക്കപ്പെട്ടെങ്കിലും വിചാരണക്കോടതി അംഗീകരിച്ചില്ല; വധശിക്ഷയ്ക്കു വിധിക്കുകയും ചെയ്തു.
രാഷ്ട്രപതിക്ക് ദയാഹർജി കൊടുത്താണ് 2012ൽ ശിക്ഷ ജീവപര്യന്തമാക്കിയത്. ഇതിനിടെ, പ്രായം നിർണയിക്കൽ പരിശോധനയ്ക്കു വിധേയനായ ഓം പ്രകാശിന് അനുകൂല റിപ്പോർട്ട് വന്നു. ഇതും ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇയാളുടെ പുനരധിവാസം ഉറപ്പാക്കാൻ ഉത്തരാഖണ്ഡ് സർക്കാരിനോടും നിയമസഹായ അതോറിറ്റിയോടും കോടതി നിർദേശിച്ചു