മുംബൈ: ഇരുട്ടിവെളുക്കുമ്പോള്‍ മുടി മുഴുവന്‍ കൊഴിഞ്ഞുപോകുന്നു. മഹാരാഷ്ട്രയിലെ മൂന്ന് ഗ്രാമത്തിലുള്ളവര്‍ക്കാണ് ഈ ദുരവസ്ഥ. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഗ്രാമങ്ങളിലെ പകുതിയില്‍ കൂടുതല്‍ ആള്‍ക്കാരും ഈ അവസ്ഥയുടെ പിടിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അത്യപൂര്‍വ സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്. ബോണ്ട്ഗാവ്, കല്‍വാഡ്, ഹിന്‍ഗ്‌ന ഗ്രാമത്തിലെ ജനങ്ങളാണ് ദുരിതത്തിലായത്.
ഒരു ലക്ഷണവുമില്ലാതെയാണ് പത്തും പന്ത്രണ്ടും വയസായവരുടേത് ഉള്‍പ്പെടെ മുടി പൊഴിയുന്നത്. ആദ്യം ചെറിയ രീതിയിലാണ് കൊഴിച്ചില്‍ തുടങ്ങുന്നത്. ഒന്നോ രണ്ടോ ദിവസം കഴിയുമ്പോള്‍ മുടി ഏറക്കുറെ നഷ്ടമാകുന്നു. വീണ്ടും കിളിര്‍ക്കുന്നതിന്റെ ഒരു ലക്ഷണവും കാണിക്കുകയും ഇല്ല. വാര്‍ത്ത പുറത്തുവന്നതോടെ ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്.
ആദ്യം ഒന്നോ രണ്ടോ പേരില്‍ മാത്രം കണ്ടുതുടങ്ങിയ അവസ്ഥ പൊടുന്നനെ വ്യാപകമാവുകയായിരുന്നു. മുടികൊഴിച്ചില്‍ കൂടുതല്‍പ്പേരില്‍ റിപ്പോര്‍ട്ടുചെയ്തതോടെയാണ് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചത്. എന്താണ് കാരണമെന്ന് ഇപ്പോഴും വ്യക്തമല്ലെന്നാണ് അധികൃതര്‍ പറയുന്നത്. മുടികൊഴിച്ചിലിന് വിധേയരായ നിരവധിപേരെ വിദഗ്ദ്ധര്‍ പരിശോധിക്കുകയും ചെയ്തു. ചിലരില്‍ താടിയും മീശയും പുരികങ്ങളും ഉള്‍പ്പെടെ ശരീരത്തിന്റെ മറ്റുഭാഗങ്ങളിലെ രോമങ്ങളും കൊഴിഞ്ഞുപോകുന്നുണ്ട്. ചിലര്‍ കൊഴിഞ്ഞുവീണ മുടിയിഴകള്‍ പ്രത്യേക കവറുകളിലാക്കി സൂക്ഷിച്ചുവച്ചിട്ടുണ്ട്. കാരണം കണ്ടെത്താന്‍ ഉപയോഗപ്പെടുമെന്ന് കരുതിയാണ് ഇങ്ങനെ ചെയ്യുന്നത്.
മുടികൊഴിച്ചില്‍ അനുഭവപ്പെടുന്നവരെ പരിശോധിച്ചപ്പോള്‍ തലയോട്ടിയിലെ ചര്‍മ്മത്തില്‍ ചെറിയ രീതിയില്‍ ഫംഗസ് ബാധ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അതാണോ മുടികൊഴിയാന്‍ കാരണമെന്ന് വ്യക്തമല്ല. പ്രദേശങ്ങളില്‍ നിന്ന് വെള്ളത്തിന്റെ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വെള്ളത്തില്‍ ഘനലോഹങ്ങളുടെ സാന്നിദ്ധ്യം ഉണ്ടെങ്കില്‍ ഫംഗസ് ബാധ വര്‍ദ്ധിപ്പിക്കും. ശിരോ ചര്‍മ്മത്തിന്റെ സാമ്പിളുകള്‍ ബയോപ്‌സിക്ക് അയച്ചിട്ടുണ്ട്. വെള്ളത്തിന്റെയും ചര്‍മ്മപരിശോധനയുടെയും ഫലം കിട്ടിയാലേ ശരിക്കുള്ള കാരണം കണ്ടെത്താനാവൂ എന്നാണ് അധികൃതര്‍ പറയുന്നത്.