വാഷിങ്ടണ്‍: പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ജസ്റ്റിന്‍ ട്രൂഡോ രാജിവച്ചതിനു പിന്നാലെ കാനഡയെ യുഎസിന്റെ 51ാം സംസ്ഥാനമാക്കാമെന്ന വാഗ്ദാനവുമായി നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജനപ്രിയത കുറയുകയും ലിബറല്‍ പാര്‍ട്ടിയില്‍നിന്നുയര്‍ന്ന സമ്മര്‍ദ്ദവും മൂലമാണു ട്രൂഡോ രാജിവച്ചത്. പുതിയ നേതാവിനെ തിരഞ്ഞെടുക്കുംവരെ ട്രൂഡോ പ്രധാനമന്ത്രി സ്ഥാനത്തു തുടരും. ഈ വര്‍ഷം അവസാനത്തേക്കാണു കാനഡയില്‍ തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.
ട്രൂഡോയുമായി ഒട്ടും മികച്ച ബന്ധമല്ല ട്രംപിനുള്ളത്. 20172021ലെ ട്രംപിന്റെ ആദ്യ ഭരണകാലത്തുപോലും ഇരുവരും തമ്മില്‍ അത്ര സുഖകരമായ ബന്ധം ഉണ്ടായിട്ടില്ല. നവംബറിലെ തിരഞ്ഞെടുപ്പിനു പിറ്റേന്ന് വിജയിച്ചുവെന്ന ഫലം പുറത്തുവന്നതിനു പിന്നാലെ കാനഡയെ യുഎസിന്റെ 51ാം സംസ്ഥാനമാക്കുന്നതിനെക്കുറിച്ച് ട്രംപ് സംസാരിച്ചിരുന്നു. ട്രംപിന്റെ ആഡംബര ക്ലബായ മാര്‍-എ- ലാഗോയില്‍വച്ച് നവംബര്‍ അഞ്ചിനായിരുന്നു ഇത്. പലവട്ടം സമൂഹമാധ്യമങ്ങളിലൂടെ ട്രംപ് ഇതേ നിലപാട് ആവര്‍ത്തിച്ചിരുന്നു.
”യുഎസിന്റെ 51ാം സംസ്ഥാനമാകാന്‍ കാനഡയില്‍ നിരവധിപ്പേര്‍ ഇഷ്ടപ്പെടുന്നു. കാനഡയ്ക്ക് മുന്നോട്ടുപോകാന്‍ നല്‍കുന്ന സബ്‌സിഡികളും അവരുമായി നടത്തുന്ന ഇടപാടുകളിലെ വ്യാപാരക്കമ്മിയും യുഎസിന് താങ്ങാനാകുന്നില്ല. ജസ്റ്റിന്‍ ട്രൂഡോയ്ക്ക് ഇത് അറിയാം. അതുകൊണ്ട് അദ്ദേഹം രാജിവച്ചു. കാനഡ യുഎസിലേക്കു ചേര്‍ന്നാല്‍ ഒരു നികുതിയുമുണ്ടാകില്ല. നികുതികള്‍ താഴേക്കുപോകും. റഷ്യ, ചൈന കപ്പലുകള്‍ സ്ഥിരമായി അവരെ ചുറ്റുന്ന ഭീഷണിയില്‍നിന്ന് പൂര്‍ണമായും രക്ഷപ്പെടാം. ഒരുമിച്ചുനിന്നാല്‍ എത്ര മികച്ച രാജ്യമായി മാറാം” ട്രൂഡോ രാജിവച്ചതിനുപിന്നാലെ ട്രംപ് പറഞ്ഞു.
അതേസമയം, ട്രംപിന്റെ ‘നിര്‍ദേശ’ത്തോട് കാനഡ പ്രതികരിച്ചില്ല. തെക്കന്‍ അതിര്‍ത്തിവഴി അനധികൃതമായി ആളുകളെ കടത്തിവിടുന്നതും ലഹരിമരുന്നു കടത്തും അവസാനിപ്പിക്കാന്‍ കാനഡ തയാറായില്ലെങ്കില്‍ 25% നികുതി ചുമത്തുമെന്ന ഭീഷണിയും ട്രംപ് നടത്തിയിട്ടുണ്ട്. കാനഡയുടെ ഗവര്‍ണറെന്നു വിളിച്ച് ട്രംപ് ട്രൂഡോയെ നിരന്തരം പരിഹസിച്ചിരുന്നു.