തിരുവനന്തപുരം: നെടുമങ്ങാട് ബാറില്‍ വിളിച്ച് വരുത്തി മദ്യസല്‍ക്കാരം നടത്തിയതിന് പിന്നാലെ യുവാവിന്റെ കൈയ്യില്‍ ഉണ്ടായിരുന്ന പണം പിടിച്ചു പറിച്ച സംഘം പിടിയില്‍. സംഭവത്തില്‍ പരാതി ലഭിച്ച പോലീസ് നടത്തിയ അന്വേഷണത്തില്‍ പേട്ട സ്വദേശി അഖില്‍ (32), പാലോട് തെന്നൂര്‍ സ്വദേശി സൂരജ് (28), വട്ടപ്പാറ സ്വദേശി മിഥുന്‍ (28), കോട്ടയം സ്വദേശി വിമല്‍ (25), കഴക്കൂട്ടം മേനംകുളം സ്വദേശി അനന്തന്‍ (24) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കല്‍ നിന്നും നിരോധിത ഗുളികകളും മരകായുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇവര്‍ സ്ഥിരം കവര്‍ച്ചാ സംഘങ്ങളാണെന്ന് പോലീസ് പറഞ്ഞു.
പനവൂര്‍ പാണയത്ത് നിന്നും മൂന്നു ബൈക്കും ആയുധങ്ങളുമായി ഡിവൈ.എസ്.പി അരുണ്‍ കെ.എസിന്റെയും നെടുമങ്ങാട്, പാലോട് എസ്.എച്ച്.ഓമാരായ രാജേഷ് കുമാര്‍,അനീഷ് കുമാര്‍ എന്നിവരുടെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മുഖ്യ പ്രതി ഉണ്ണി ഒളിവിലാണ്.
മുഖ്യപ്രതി അഖിലിന്റെ പരിചയത്തിലുള്ള പൂവത്തൂര്‍ സ്വദേശി സുജിത്തിനെ നെടുമങ്ങാട് ബാറില്‍ വിളിച്ചു വരുത്തി മദ്യം നല്‍കിയ ശേഷം രാത്രി പത്തരയോടെ മടക്കയാത്രയില്‍ ഗവണ്മെന്റ് കോളേജിനടുത്ത് കാരവളവില്‍ വച്ച് ബൈക്കുകളില്‍ പിന്തുടര്‍ന്നെത്തി ആയുധം കാട്ടി ഭീഷണിപ്പെടുത്തി 15,000 രൂപ കവര്‍ച്ച ചെയ്യുകയായിരുന്നു. നെടുമങ്ങാട് വാടകയ്ക്ക് താമസിക്കുന്ന സംഘം പിടിച്ചു പറിയും വാഹന മോഷണവും ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളാണ്.
വഞ്ചിയൂര്‍, കടയ്ക്കല്‍, പത്തനംതിട്ട, ചാലക്കുടി, ആറ്റിങ്ങല്‍, കിളിമാനൂര്‍ സ്റ്റേഷനുകളിലായി കേസുകള്‍ നിലവിലുണ്ട്. അനന്തനും വിമലും അന്തര്‍സംസ്ഥാന വാഹന മോഷ്ടാക്കളാണ്. ലഹരിക്കച്ചവടം, കവര്‍ച്ച, ഭീഷണിപ്പെടുത്തല്‍, ആയുധം കൈവശം വയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.