NEWSPravasi

മലയാളിയുടെ കഞ്ഞി കുടി മുട്ടുമോ…? ഗൾഫിലെ സ്വകാര്യ മേഖലയിൽ സ്വദേശികളുടെ എണ്ണം 350 ശതമാനം വർധിച്ചു

   ദുബായ്, ഷാർജ, അബുദാബി ഉൾപ്പടെയുള്ള 7 സ്വതന്ത്ര സംസ്ഥാനങ്ങളുടെ ഫെഡറേഷനായ യു.എ.ഇയിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 2024ൽ 350 ശതമാനം വർദ്ധിച്ച്  131,000 ആയി ഉയർന്നു. സ്വദേശിവത്കരണത്തിലെ ഈ വർദ്ധനവ് മലയാളി സമൂഹത്തിനു കനത്ത തിരിച്ചടി നൽകുമെന്നു വ്യക്തം. 2018 ൽ സ്വകാര്യ മേഖലയിൽ 27,000ത്തോളം സ്വദേശികൾ മാത്രം ഉണ്ടായിരുന്ന സ്ഥാനത്താണ് ഇപ്പോൾ 131,000 എന്ന സംഖ്യയിലേയ്ക്ക് ഉയർന്നത്.

ദുബായ്ലാണ് ഏറ്റവും കൂടുതല് സ്വദേശികൾ ജോലി ചെയ്യുന്നത്. രണ്ടാം സ്ഥാനത്ത് അബുദാബി. ഷാർജ, അജ്മാന്, റാസല്ഖൈമ തുടങ്ങിയ എമിറേറ്റുകളും തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്.

Signature-ad

സ്വദേശികള്‍ക്ക് ജോലി നല്‍കുന്നതില്‍ നേരത്തെ ചില കമ്പനികള്‍ വിമുഖത കാണിച്ചിരുന്നു. ഉയര്‍ന്ന ശമ്പളം നല്‍കേണ്ടി വരുന്നു എന്നതാണ് അവരെ പിന്തിരിപ്പിച്ചത്. പക്ഷേ സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാതെ കമ്പനികള്‍ക്ക് മുന്നോട്ട് പോകാന്‍ സാധിക്കില്ല എന്നതാണ് നിലവിലുള്ള സ്ഥിതി.

യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് 2025ലെ ആദ്യ കാബിനറ്റ് യോഗത്തിൽ 2024ലെ രാജ്യത്തിന്‍റെ നേട്ടങ്ങളെക്കുറിച്ച് വിശദീകരിച്ച സന്ദർഭത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാടിയത്. സ്വദേശിവത്കരണം 2024ൽ യുഎഇ കൈവരിച്ച ശ്രദ്ധേയമായ നിരവധി നേട്ടങ്ങളിൽ ഒന്നു മാത്രമാണ്.

യു എ ഇക്ക് 2024 ഏറ്റവും മികച്ച സാമ്പത്തിക വര്‍ഷമായിരുന്നുവെന്ന്  ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പറഞ്ഞു. ‘യോഗത്തില്‍ 2024ലെ വിളവെടുപ്പ് ഞങ്ങള്‍ അവലോകനം ചെയ്തു. ദൈവത്തിന് നന്ദി, സ്ഥാപിതമായതിനുശേഷമുള്ള ഏറ്റവും മികച്ച വര്‍ഷമാണിത്.’ അദ്ദേഹം പറഞ്ഞു.

സമ്പദ് വ്യവസ്ഥ, സുസ്ഥിരത എന്നീ മേഖലകളില്‍ 140 ലധികം അന്താരാഷ്ട്ര കരാറുകളില്‍ ഒപ്പുവെച്ചു. ശുദ്ധമായ ഊര്‍ജം, സാങ്കേതികവിദ്യ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സുരക്ഷ, പ്രതിരോധം, അന്താരാഷ്ട്ര മാനുഷിക പ്രവര്‍ത്തനങ്ങള്‍ എന്നിവയിലാണിത്. യു എ ഇയുടെ എല്ലാ നിയമനിര്‍മാണങ്ങളും അപ്‌ഡേറ്റ് ചെയ്യുന്നതിനായി കഴിഞ്ഞ വര്‍ഷത്തില്‍ രാജ്യത്തെ 2,500 ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടെ മൂന്ന് വര്‍ഷത്തെ പ്രോജക്റ്റ് പൂര്‍ത്തിയാക്കി.

സാമ്പത്തിക, സാമൂഹിക, നിയന്ത്രണ നിയമനിര്‍മാണത്തിന്റെ 80 ശതമാനം അപ്‌ഡേറ്റ് ചെയ്തു. പുതിയ കമ്പനികളുടെ എണ്ണം കുതിച്ചുയര്‍ന്നു. 200,000 പുതിയ കമ്പനികള്‍ ആരംഭിച്ചു. വിദേശ വ്യാപാരം ആദ്യമായി 2.8 ട്രില്യണ്‍ ദിര്‍ഹം കവിഞ്ഞു. നേരിട്ടുള്ള വിദേശ നിക്ഷേപം ആദ്യമായി 130 ബില്യണ്‍ ദിര്‍ഹത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. വ്യാവസായിക കയറ്റുമതിയുടെ മൂല്യം 190 ബില്യണ്‍ ദിര്‍ഹമായി. അദ്ദേഹം തുടര്‍ന്നു.

150 ദശലക്ഷം യാത്രക്കാര്‍ സ്വന്തം വിമാനത്താവളങ്ങളിലൂടെ കടന്നുപോയി. ടൂറിസ്റ്റ് സൗകര്യങ്ങളില്‍ 30 ദശലക്ഷത്തിലധികം അതിഥികളെത്തി. സ്വകാര്യ മേഖലയിലെ പൗരന്മാരുടെ എണ്ണം 350 ശതമാനം വര്‍ധിച്ചു. 131,000 പൗരന്മാര്‍ സ്വകാര്യ മേഖലയിലുണ്ട്. പ്രതിഭകളെയും നിക്ഷേപങ്ങളും ആകര്‍ഷിക്കുന്നതിനുമായി യു എ ഇ സര്‍ക്കാര്‍ 750-ലധികം ദേശീയ പദ്ധതികളും സംരംഭങ്ങളും ആരംഭിച്ചിട്ടുണ്ട്. അടുത്ത രണ്ട് ദശാബ്ദങ്ങളില്‍ ദ്രുതഗതിയിലുള്ള വളര്‍ച്ച സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 1,300 തീരുമാനങ്ങള്‍ കാബിനറ്റും മന്ത്രിതല വികസന കൗണ്‍സിലും പുറപ്പെടുവിച്ചു. അല്ലാഹു ഇച്ഛിച്ചാല്‍ 2025 കൂടുതല്‍ മനോഹരവും വലുതും മികച്ചതുമായിരിക്കുമെന്നും അദ്ദേഹം  പ്രത്യാശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: