ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയ്ക്കു കീഴിലുള്ള പുതിയ കോളജിന് സ്വാതന്ത്ര്യസമര നേതാവ് വി.ഡി സവര്‍ക്കറുടെ പേര് നല്‍കുന്നതിനെതിരെ കോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടനയായ നാഷണല്‍ സ്റ്റുഡന്റ്സ് യൂനിയന്‍ ഓഫ് ഇന്ത്യ(എന്‍എസ്യുഐ). പകരം, അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ പേര് നല്‍കണമെന്നും സംഘടന ആവശ്യപ്പെട്ടു. ആവശ്യങ്ങളുയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരിക്കുകയാണ് സംഘടന. വി.ഡി സവര്‍ക്കറുടെ പേരിലുള്ള കോളജിന് ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടാനിരിക്കെയാണ് എന്‍എസ്യുഐ എതിര്‍പ്പുമായി രംഗത്തെത്തിയത്.
രാജ്യത്തിനു വേണ്ടി സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ പേര് പുതിയ കോളജിന് നല്‍കി അദ്ദേഹത്തെ ആദരിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍എസ്യുഐ പ്രസിഡന്റ് വരുണ്‍ ചൗധരി മോദിക്ക് കത്തയച്ചു. ‘സവര്‍ക്കറുടെ പേരിലുള്ള പുതിയ കോളജ് താങ്കള്‍ ഉദ്ഘാടനം ചെയ്യാന്‍ പോകുകയാണ്. എന്നാല്‍, അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ പേര് നല്‍കണമെന്ന് എന്‍എസ്യുഐ ആവശ്യപ്പെടുന്നു. അദ്ദേഹത്തിന്റെ വിയോഗം വലിയ വിടവാണുണ്ടാക്കിയത്. പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു സിങ്ങിന്റെ പേരു നല്‍കുന്നത് അദ്ദേഹത്തിന് ഏറ്റവും ഉചിതമായ ആദരമാകും.’-വരുണ്‍ ചൗധരി കത്തില്‍ പറഞ്ഞു.
2021ല്‍ സര്‍വകലാശാലാ നിര്‍വാഹക കൗണ്‍സില്‍ അംഗീകാരം നല്‍കിയ നജഫ്ഗഢിലെ കാംപസിനാണ് വി.ഡി സവര്‍ക്കറുടെ പേരു നല്‍കിയിരിക്കുന്നത്. ഇതിനു പുറമെ ഈസ്റ്റ് ഡല്‍ഹിയിലും വെസ്റ്റ് ഡല്‍ഹിയിലും രണ്ട് കാംപസുകള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടും.