KeralaNEWS

‘പ്രതികള്‍ക്കൊപ്പം പാര്‍ട്ടിയുണ്ട്, അവര്‍ സിപിഎമ്മുകാരാണ്’; കോടതിയിലെത്തി ശിക്ഷിക്കപ്പെട്ടവരെ കണ്ട് ജില്ലാ സെക്രട്ടറി

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടവരെ കോടതിയിലെത്തി കണ്ട് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍. കമ്യൂണിസ്റ്റുകാരായതിനാലാണ് അവരെ കാണാന്‍ വന്നതെന്ന് പ്രതികളെ കണ്ട ശേഷം മോഹനന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘അവര്‍ കമ്യൂണിസ്റ്റുകാരാണ്. അതുകൊണ്ടാണ് അവരെ കാണാനായി എത്തിയത്. കുറ്റക്കാരെന്ന് കോടതി പറഞ്ഞതാണ്. അതില്‍ മറിച്ചൊരു അഭിപ്രായമില്ല. ഇനിയും കോടതിയുണ്ടല്ലോ. അവരെ കാണാന്‍ തന്നെയാണ് കോടതിയില്‍ എത്തിയത്. അപ്പീല്‍ നല്‍കുന്ന കാര്യം കാസര്‍കോട്ടെ പാര്‍ട്ടി തീരുമാനിക്കും’ സിഎന്‍ മോഹനന്‍ പറഞ്ഞു.

Signature-ad

പെരിയ ഇരട്ടക്കൊലപാതക്കേസില്‍ പൊലീസ് കണ്ടെത്തിയതിനപ്പുറമൊന്നും കണ്ടെത്താന്‍ സിബിഐക്ക് കഴിഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ കോട്ടയത്ത് പറഞ്ഞു. പാര്‍ട്ടി ഗൂഢാലോചനയില്‍ ഉണ്ടായ കൊലപാതകം അല്ലെന്ന് സിപിഎം നേരത്തെ പറഞ്ഞതാണ്. എന്നാല്‍ തുടക്കം മുതല്‍ സിപിഎം ഗുഢാലോചന നടത്തിയെന്ന് വരുത്താനാണ് സിബിഐ ശ്രമിച്ചത്. വിധി ന്യായങ്ങള്‍ പരിശോധിച്ച് മറ്റ് ഉയര്‍ന്ന കോടതിയില്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തും. രാഷ്ട്രീയമായ ലക്ഷ്യത്തോടെ സിപിഎമ്മിനെ ഈ കേസിന്റെ ഭാഗമാക്കാന്‍ ശ്രമിച്ച നിലപാടിനെ ഫലപ്രദമായി കൈകാര്യം ചെയ്യുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

പൊലീസ് കണ്ടെത്തിയതിനപ്പുറം സിബിഐ ഒന്നും കണ്ടെത്തിയില്ല. അതിന് പുറമെ രാഷ്ട്രീയമായ ഉദ്ദേശ്യം വച്ച് പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കന്‍മാരെയും കേസില്‍ ഉള്‍പ്പെടുത്തി. അതിന് വേറെ ചില വകുപ്പുകളാണ് അവര്‍ സ്വീകരിച്ചത്. സിബിഐ രാഷ്ട്രീയ ഉദ്ദേശ്യത്തോടെ പ്രതിയാക്കപ്പെട്ടവരെ സംബന്ധിച്ചിടത്തോളം നിതിന്യായ വ്യവസ്ഥയുടെ മുന്നില്‍ ഫലപ്രദമായി മുന്നോട്ടുപോകാനുള്ള സാധ്യതയുണ്ട്. ഉയര്‍ന്ന കോടതികളെ സമീപിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു

കൊലപാതകത്തില്‍ സിപിഎം ഗൂഢാലോചനയുണ്ടെന്ന വാദം പൊളിഞ്ഞെന്നും, കേരളാ പൊലീസിന്റെ നിഗമനങ്ങളാണ് ശരിയെന്നതാണ് കോടതി വിധിയിലൂടെ വ്യക്തമാകുന്നതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ പറഞ്ഞു. കേസില്‍ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്ന നിലപാടാണ് കേരളാ പൊലീസ് സ്വീകരിച്ചത്. പിന്നീടാണ് സിബിഐ വരുന്നത്. ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് മറ്റ് കോടതികളെ സമീപിക്കാന്‍ നിയമപരമായി പോകാന്‍ അവസരമുണ്ട്. നിയമപരമായ പരിശോധനയ്ക്ക് ശേഷം ഇതില്‍ പാര്‍ട്ടി നിലപാട് സ്വീകരിക്കും.

 

Back to top button
error: