ജിദ്ദ: മലയാളിയെ കുത്തിക്കൊലപ്പെടുത്തിയ ഈജിപ്ഷ്യൻ പൗരന്‍റെ വധശിക്ഷ മക്ക പ്രവിശ്യയിൽ നടപ്പാക്കി. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
2021-ൽ ജിദ്ദയിലെ ഹയ്യു സാമിറിൽ മലപ്പുറം കോട്ടക്കല്‍ പറപ്പൂര്‍ സൂപ്പിബസാർ സ്വദേശി കുഞ്ഞലവി ഉണ്ണീൻ നമ്പ്യാടത്തിനെ (45) കുത്തിക്കൊന്ന ഈജിപ്ഷ്യന്‍ പൗരൻ അഹ്മദ് ഫുആദ് അൽ സയ്യിദ് അൽ ലുവൈസിയെയാണ് ഇന്നലെ വധശിക്ഷക്ക് വിധേയനാക്കിയത്.
ജിദ്ദയിലെ ഒരു സ്ഥാപനത്തിലെ സെയിൽസ് ജീവനക്കാരനായിരുന്ന കുഞ്ഞലവി കമ്പനിയുടെ ഇടപാടുകാരിൽനിന്ന് കലക്റ്റ് ചെയ്ത പണവുമായി മടങ്ങുമ്പാൾ അദ്ദേഹത്തെ വാഹനത്തിൽവെച്ച് കുത്തിവീഴ്ത്തിയ പ്രതി പണം കവർന്നെടുത്ത് രക്ഷപ്പെടുകയായിരുന്നു.
തുടർന്ന്, പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിയുകയും സൗദിയിൽ നിന്ന് കടന്ന് കളയാനുള്ള ശ്രമത്തിനിടെ ജിദ്ദ വിമാനത്താവളത്തില്‍ വെച്ച് പിടിക്കപ്പെടുകയായിരുന്നു.
വിചാരണക്കൊടുവിൽ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു. പ്രസ്തുത വിധിയെ ഉന്നത കോടതികൾ ശരിവെക്കുകയും ചെയ്തു. തുടർന്ന് ശിക്ഷ നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയും വധശിക്ഷക്ക് നടപ്പാക്കുകയുമായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവന വ്യക്തമാക്കി.