CrimeNEWS

വീട്ടില്‍നിന്ന് ഇറങ്ങിയത് സിനിമ കാണാന്‍; കൊല്ലത്ത് കാറില്‍ കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം ഐടി കമ്പനി ഉദ്യോഗസ്ഥന്റേത്

കൊല്ലം: ആയൂര്‍ വയ്ക്കല്‍ഒഴുകുപാറയ്ക്കല്‍ റോഡില്‍ കാര്‍ 50 അടി താഴ്ചയിലേക്കു മറിഞ്ഞു തീ പിടിച്ച് മരിച്ചയാളുടെ മൃതദേഹം തിരിച്ചറിഞ്ഞു. പൂര്‍ണമായും കത്തി നശിച്ച കാറില്‍ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആയൂര്‍ ഒഴുകുപാറയ്ക്കല്‍ പടിഞ്ഞാറ്റിന്‍കര പുത്തന്‍വീട്ടില്‍ (മറ്റപ്പള്ളില്‍) റോബിന്‍ മാത്യുവിന്റെ മകന്‍ ലെനീഷ് റോബിനെയാണ് (38) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഐടി കമ്പനി ഉദ്യോഗസ്ഥനാണ്. അവധി കഴിഞ്ഞു നാളെ ജോലി സ്ഥലത്തേക്കു മടങ്ങാനിരിക്കെയാണ് അപകടം.

ലെനീഷ് ധരിച്ചിരുന്ന മാലയും വാഹനത്തിന്റെ പഞ്ചിങ് നമ്പര്‍ പ്ലേറ്റുമാണ് ആളെ തിരിച്ചറിയാന്‍ സഹായിച്ചത്. എംസി റോഡില്‍ വയയ്ക്കലില്‍ നിന്നുള്ള റോഡില്‍ പഴയ ബവ്‌റിജസ് ഷോപ്പിനു സമീപമായിരുന്നു അപകടം. റോഡിന്റെ വശത്ത് 50 അടിയോളം താഴ്ചയില്‍ ചെങ്കുത്തായ ഭാഗത്തെ റബര്‍ തോട്ടത്തിലേക്കാണ് കാര്‍ മറിഞ്ഞത്. അപകടം നടന്ന ഭാഗം വിജനമായതിനാല്‍ വിവരം ആരും അറിഞ്ഞില്ല. രാവിലെ സമീപത്തെ റബര്‍ തോട്ടത്തില്‍ ടാപ്പിങ് നടത്താന്‍ എത്തിയ തൊഴിലാളിയാണ് അപകട വിവരം മറ്റുള്ളവരെയും പൊലീസിനെയും അറിയിച്ചത്.

Signature-ad

പൂര്‍ണമായും കത്തിയ കാറില്‍ പിന്‍വശത്തെ ചില്ലു തകര്‍ത്ത് പകുതി പുറത്തു വന്ന നിലയിലായിരുന്നു മൃതദേഹം. സിനിമയ്ക്കു പോകുന്നതായി വീട്ടുകാരോടു പറഞ്ഞ ശേഷമാണ് വീട്ടില്‍ നിന്നു പോയത്. രാത്രി 10.30 വരെ വാട്‌സാപ് സന്ദേശങ്ങള്‍ക്കു മറുപടി ലഭിച്ചിരുന്നെന്നു സുഹൃത്തുക്കള്‍ പറഞ്ഞു.

രാവിലെയും ലെനീഷ് വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് അഞ്ചല്‍ പൊലീസില്‍ പരാതി നല്‍കി. ഇതിനു ശേഷമാണ് ബന്ധുക്കള്‍ അപകട വിവരം അറിയുന്നത്. കൊച്ചിയിലെ ഐടി കമ്പനിയില്‍ എച്ച്ആര്‍ മാനേജരായി ജോലി ചെയ്യുന്ന ലെനീഷ് ക്രിസ്മസ് ആഘോഷിക്കാന്‍ ഡിസംബര്‍ രണ്ടിനാണ് കുടുംബത്തോടൊപ്പം നാട്ടിലെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനയ്ക്കു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുകയുള്ളൂ എന്നും പൊലീസ് പറഞ്ഞു. മൃതദേഹം അഞ്ചലിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. ചടയമംഗലം പൊലീസ് കേസെടുത്തു. ഭാര്യ: നാന്‍സി. മകള്‍: ജിയോണ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: