വാഷിങ്ടന്‍: യു.എസില്‍ പുതുവത്സരാേഘാഷത്തിനിടെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റി വെടിയുതിര്‍ത്ത സംഭവത്തില്‍ മരണം 15 ആയി. 35 പേര്‍ക്കു പരിക്കേറ്റു. ലൂസിയാന സംസ്ഥാനത്തെ ന്യൂ ഓര്‍ലിയന്‍സില്‍ നടന്ന ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് 42 കാരനായ ഷംസുദ്ദീന്‍ ജബാര്‍ എന്നു പൊലീസ്. സംഭവത്തിനു പിന്നാലെ പിക്കപ് ട്രക്ക് ഡ്രൈവറായ ഇയാളെ പൊലീസ് വെടിവച്ചു കൊന്നിരുന്നു. പുതുവര്‍ഷാഘോഷങ്ങളില്‍ പങ്കെടുക്കുന്ന ജനക്കൂട്ടത്തിലേക്കാണു വാഹനം ഇടിച്ചുകയറിയത്.
യുഎസ് പൗരനായ ഇയാള്‍ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ കൂടിയായിരുന്നുവെന്നു എഫ്ബിഐ അറിയിച്ചു. ഇയാളുടെ വാഹനത്തില്‍ ഐഎസ് പതാക ഉണ്ടായിരുന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹൂസ്റ്റണില്‍ റിയല്‍ എസ്റ്റേറ്റ് ഏജന്റായ ജബാര്‍ സൈന്യത്തില്‍ ഐടി സ്‌പെഷലിസ്റ്റായാണ് സേവനമനുഷ്ഠിച്ചിരുന്നത്. റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് ഇയാള്‍ യുട്യൂബില്‍ പോസ്റ്റ് ചെയ്ത വിഡിയോകള്‍ എഫ്ബിഐ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
2002ല്‍ മോഷണത്തിനും 2005ല്‍ അസാധുവായ ലൈസന്‍സുമായി വാഹനമോടിച്ചതിനും ജബാറിനെ അറസ്റ്റ് ചെയ്തിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി. 2022ല്‍ രണ്ടാം ഭാര്യയില്‍നിന്നു ജബാര്‍ വിവാഹമോചനം നേടിയിരുന്നു. സാമ്പത്തിക പ്രശ്നങ്ങളാണു വിവാഹമോചനത്തിനു കാരണമെന്നാണു നിഗമനം.