തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ മേല്‍വസ്ത്രമഴിച്ച് കയറണമെന്ന നിബന്ധന ഒഴിവാക്കേണ്ടതാണെന്ന സ്വാമി സച്ചിദാനന്ദയുടെ പ്രസ്താവനയോട് പ്രതികരിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. മേല്‍വസ്ത്രം ധരിച്ചുകൊണ്ട് ക്ഷേത്ര ദര്‍ശനം സാധ്യമാണോ എന്നത് ചര്‍ച്ച ചെയ്യും. സ്വാമി സച്ചിദാനന്ദയും മുഖ്യമന്ത്രിയും തങ്ങളുടെ പരസ്യനിലപാട് വ്യക്തമാക്കിയതോടെയാണ് വിഷയം ചര്‍ച്ചയ്‌ക്കെത്തുന്നത്.
ഇക്കാര്യത്തില്‍ എല്ലാ വശങ്ങളും ദേവസ്വം ബോര്‍ഡ് വിശദമായി ചര്‍ച്ച ചെയ്യുമെന്ന് ദേവസ്വം ബോര്‍ഡ് അംഗം അജികുമാര്‍ പറഞ്ഞു. 1252 ക്ഷേത്രങ്ങളാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ളത്. പല അഭിപ്രായങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡ് എല്ലാ വശങ്ങളും ചര്‍ച്ച ചെയ്യും. വിശാല മനസ്സോടെ ഒരു ഏകീകരണ തീരുമാനത്തില്‍ എത്താന്‍ കഴിയുമോ എന്ന് പരിശോധിക്കും.
പല കോണുകളില്‍ നിന്ന് ഇത്തരമൊരു ആവശ്യം ഉയര്‍ന്നുവരുന്നുണ്ട്. അതിനാല്‍, പ്രായോഗികമായി ഇക്കാര്യം നടപ്പാക്കുന്നതിനുള്ള കാര്യം ഉള്‍പ്പെടെ ഇതുമായി ബന്ധപ്പെട്ട എല്ലാവരുമായി കൂടിയാലോചന നടത്തി സമവായത്തിലെത്താന്‍ കഴിയുമോ എന്ന ചര്‍ച്ച ദേവസ്വം ബോര്‍ഡ് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്ഷേത്രങ്ങളില്‍ മേല്‍വസ്ത്രം അഴിച്ച് കയറണമെന്ന നിബന്ധന ഒഴിവാക്കേണ്ടതാണെന്നും ഇത്തരം അനാചാരങ്ങള്‍ നീക്കാന്‍ ശ്രീനാരായണീയ സമൂഹം ഇടപെടണമെന്നും ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ചൊവ്വാഴ്ച പറഞ്ഞിരുന്നു. ശിവഗിരി തീര്‍ഥാടന മഹോത്സവ സമ്മേളനത്തിലാണ് ക്ഷേത്രാചാരങ്ങളിലെ പോരായ്മകളെ സ്വാമി വിമര്‍ശിച്ചത്. ശ്രീനാരായണ ക്ഷേത്രങ്ങള്‍ മാത്രമല്ല മറ്റ് ആരാധനാലയങ്ങളും ഭാവിയില്‍ ഈ നിര്‍ദേശം സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു.