ആലപ്പുഴ: മകനെ കഞ്ചാവ് കേസില്‍ പിടികൂടിയ സംഭവത്തില്‍ എംഎല്‍എ യു.പ്രതിഭയ്ക്ക് പിന്തുണ അറിയിച്ച് അടുത്തിടെ സിപിഎം വിട്ട ബിജെപി നേതാവ് ബിപിന്‍ സി.ബാബു. പ്രതിഭയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്താണ് ബിപിന്റെ ഫെയ്‌സ്ബുക് പോസ്റ്റ്. പ്രതിഭയുടെ മണ്ഡലമായ കായംകുളമാണ് ബിപിന്റെയും പ്രവര്‍ത്തന മേഖല. സിപിഎമ്മിലെ ഒരു നേതാവും പ്രതിഭയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നില്ല. ഇതിനിടെയാണ് പ്രതിഭയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ബിപിന്‍ എത്തിയതെന്നതു ശ്രദ്ധേയം. അമ്മ എന്ന നിലയില്‍ പ്രതിഭയുടെ വികാരത്തെ മാനിക്കണമെന്ന് ബിപിന്‍ പറഞ്ഞു.
ബിപിന്റെ കുറിപ്പിന്റെ പൂര്‍ണരൂപംപ്രിയമുള്ളവരേ , രണ്ട് ദിവസം ആയി ദൃശ്യ മാധ്യമങ്ങളില്‍ കൂടെ ഒരു അമ്മയെയും മകനെയും തേജോവധം ചെയ്തു കൊണ്ടിരിക്കുകയാണ്. ഒന്‍പത് കുട്ടികളുടെ ഭാവി ആണ് ഇതില്‍ കൂടെ നിങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. ആ കുഞ്ഞുങ്ങളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും മാനസികാവസ്ഥ എന്തെന്ന് ചിന്തിച്ചിട്ടുണ്ടോ ? കുഞ്ഞുങ്ങളുടെ കയ്യില്‍നിന്ന് തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടേല്‍ തന്നെ ഒരു അമ്മ എന്ന നിലയില്‍ അവരുടെ വികാരത്തെ മാനിക്കണമായിരുന്നു.
അവര്‍ വിശ്വസിക്കുന്ന പ്രസ്ഥാനവും യാതൊരു രീതിയിലും അവര്‍ക്ക് പിന്തുണ നല്‍കിയില്ല. അവരെ വളഞ്ഞിട്ട് ആക്രമിച്ച രീതി തികച്ചും അപലപനീയമാണ് . എന്തെങ്കിലും സാഹചര്യത്തില്‍ അവരില്‍ തെറ്റുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ തിരുത്തി അവരെ നല്ലതിലേക്ക് നയിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്. നാളെയുടെ വാഗ്ദാനങ്ങള്‍ ആണ് അവര്‍. ഇങ്ങനെ ഒരു സാഹചര്യത്തില്‍ കൂടെ നില്‍ക്കേണ്ടവര്‍ പോലും കൂടെ നിന്നില്ല. നാളെയെ കുറിച്ച് ചിന്തിക്കുന്ന ദേശിയതയിലേക്ക് ഞാന്‍ പ്രിയപ്പെട്ട എംഎല്‍എയെ സ്വാഗതം ചെയ്യുന്നു.