CrimeNEWS

നടിയും മോഡലുമായ ഷഹാനയുടെ മരണം; ഭര്‍ത്താവിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്

കോഴിക്കോട്: നടിയും മോഡലുമായ കാസര്‍കോട് സ്വദേശി ഷഹാന കോഴിക്കോട്ടെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ട കേസില്‍ ഒളിവിലായ പ്രതി ഭര്‍ത്താവ് ചെറുവത്തൂര്‍ വലിയപൊയില്‍ സജാദിനെതിരെ മാറാട് പ്രത്യേക അഡീഷനല്‍ സെഷന്‍സ് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. കഴിഞ്ഞ തവണ വാറന്റ് പുറപ്പെടുവിച്ചെങ്കിലും ഹാജരാവാത്തതിനാല്‍ വിചാരണ നടപടി തുടങ്ങാന്‍ കഴിഞ്ഞില്ല.

പ്രതി വാടകയ്ക്ക് താമസിച്ച ചെറുകുളം ബസാറിനടുത്ത വീട്ടില്‍ ഇപ്പോള്‍ മറ്റൊരാളാണു താമസിക്കുന്നതെന്നും പ്രതി നിലവില്‍ താമസിക്കുന്നതെവിടെയെന്നു കണ്ടെത്താനായില്ലെന്നുമാണ് ചേവായൂര്‍ പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്. ഫെബ്രുവരി 21 ന് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാനാണു ഉത്തരവ്.

Signature-ad

2022 മേയ് 13 ന് കാസര്‍കോട് ചെറുവത്തൂര്‍ വലിയപൊയില്‍ ഷഹാന (20) പറമ്പില്‍ ബസാറിനടുത്ത് ഗള്‍ഫ് ബസാറിലെ വാടക വീട്ടില്‍ ഭര്‍ത്താവ് ചെറുകുളം സജാദിനൊപ്പം താമസിക്കവെ പുലര്‍ച്ചെ ഭര്‍തൃപീഡനം കാരണം മരിച്ചതായാണു കേസ്. ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതിയുടെ കാസര്‍കോട്ടെ വീട്ടില്‍ നിന്നു ലഭിച്ച ഡയറിയില്‍ ഭര്‍ത്താവ് സജാദും സഹോദരിയും സഹോദരി ഭര്‍ത്താവും ഭര്‍ത്താവിന്റെ മാതാവും നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നു ആരോപിച്ചിരുന്നു.

ഷഹാന ആത്മഹത്യ ചെയ്‌തെന്നു സജാദ് പറഞ്ഞെങ്കിലും ഇവര്‍ താമസിച്ച വാടക വീട്ടില്‍ എത്തിയവരാരും തൂങ്ങി മരിച്ച നിലയില്‍ ഷഹാനയെ കണ്ടിട്ടില്ലെന്നാണു പൊലീസ് കേസ്. മുന്‍വാതില്‍ തുറന്ന നിലയില്‍ ഷഹാന സജാദിന്റെ മടിയില്‍ അബോധാവസ്ഥയില്‍ കിടക്കുന്നതാണ് ബഹളം കേട്ടെത്തിയ അയല്‍വാസികള്‍ കണ്ടത്. കെട്ടിട ഉടമ ജാസര്‍ പൊലീസിനു നല്‍കിയ മൊഴിയും മൊബൈല്‍ ഫോണില്‍ അവസാനം അവശേഷിച്ച ചാറ്റിങ് സന്ദേശങ്ങളും പൊലീസ് അന്വേഷിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: