കൊല്ലം: പള്ളി നിര്‍മ്മാണത്തിലെ അഴിമതിയെക്കുറിച്ച് ബിഷപ്പിനോട് പരാതി പറഞ്ഞ ഇടവകയിലെ അംഗങ്ങളെ കുര്‍ബാനമധ്യേ പേരെടുത്ത് പറഞ്ഞ് അധിക്ഷേപിച്ചെന്ന പരാതിയില്‍ ഇടവക വികാരിക്കെതിരെ ക്രിമിനല്‍ കേസ്. ലത്തീന്‍ സഭയുടെ കൊല്ലം രൂപതക്ക് കീഴിലുള്ള ചവറ തലമുകില്‍ സെന്റ് അഗസ്റ്റിന്‍ പള്ളി വികാരി ഫാദര്‍ ജോസഫ് കടവില്‍ 2019 ഡിസംബര്‍ ഒന്നാം തീയതി ഞായറാഴ്ച കുര്‍ബാന മധ്യേ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് കേസെടുത്തത്. ഫാ. ജോസഫ് കടവിലിനെതിരെയാണ് ഇടവക അംഗങ്ങളായ വിശ്വാസിയാണ് പരാതി നല്‍കിയത്.
തലമുകില്‍ ഇടവക വികാരിയുടെ നേതൃത്വത്തില്‍ നടന്ന പള്ളി- കെട്ടിടം നിര്‍മ്മാണത്തില്‍ സുതാര്യതയില്ലെന്നും അഴിമതിയും വെട്ടിപ്പുമാണെന്നും ആരോപിച്ചതിന്റെ പേരിലാണ് വൈദികന്‍ കുര്‍ബാന മധ്യേ ഇടവകക്കാരായ ആറുപേരെ പേരെടുത്ത് പറഞ്ഞ് അധിക്ഷേപ പ്രസംഗം നടത്തിയത്. ജോസ് വര്‍ഗീസ്, ബ്രൂണോ ജാക്സണ്‍, ജാക്സണ്‍ വിന്‍സന്റ്, കെവിന്‍ ബി.ജാക്സണ്‍, ആന്റണി ജോണ്‍ റോഡ്രിഗ്സ് എന്നിവര്‍ക്കെതിരെയാണ് അള്‍ത്താരയില്‍ നിന്ന് വൈദികന്‍ ആക്ഷേപങ്ങള്‍ ചൊരിഞ്ഞത്. വൈദികന്റെ പ്രസംഗം വിദ്വേഷം ജനിപ്പിക്കുന്നതും മാനഹാനി ഉണ്ടാക്കുന്നതും ആണെന്നും കാട്ടി ഇടവകാംഗമായ ജോസ് വര്‍ഗീസ്, അഭിഭാഷകനായ ബോറിസ് പോള്‍ മുഖേന നല്കിയ കേസില്‍ (CMP ST No.1626/2020) ചവറ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫാ. ജോസഫിന് സമന്‍സ് അയക്കാന്‍ ഉത്തരവായി. കേസ് അടുത്ത ഫെബ്രുവരി 18ന് പരിഗണിക്കുമ്പോള്‍ വൈദികന്‍ ഹാജരാകേണ്ടി വരും.
വികാരി എന്ന അധികാരവും സ്വാതന്ത്ര്യവും ഉപയോഗിച്ച് പരാതിക്കാരനെ ഇടവകാംഗങ്ങള്‍ക്ക് മുന്നില്‍ വെച്ച് അധിക്ഷേപിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. പള്ളി പണിയിലെ അഴിമതിയെക്കുറിച്ച് ബിഷപ്പിനോട് പരാതി പറഞ്ഞതാണ് വികാരിയെ പ്രകോപിപ്പിച്ചത്. തനിക്കെതിരെ പരാതി ഉന്നയിച്ചവരെ താന്‍ പൊന്നാട അണിയിച്ച് ആദരിക്കും എന്നാണ് ഇടവകക്കാരെ പ്രസംഗത്തിലൂടെ അറിയിച്ചത്. ഇത്തരം വൈദികരെ മര്യാദ പഠിപ്പിക്കാന്‍ വിശ്വാസികള്‍ മുന്നോട്ടുവരും എന്നതിന്റെ സൂചനയാണ് ഈ കേസെന്ന് പരാതിക്കാരന്റെ അഭിഭാഷകന്‍ ബോറിസ് പോള്‍ പ്രതികരിച്ചു.
”വൈദികര്‍ പള്ളികളില്‍ കുര്‍ബാന സമര്‍പ്പണ സമയത്ത് നടത്തുന്ന നീണ്ട പ്രസംഗങ്ങള്‍ ഒഴിവാക്കണമെന്ന് മാര്‍പ്പാപ്പ പറഞ്ഞിരുന്നു. പത്ത് മിനിറ്റിനുള്ളില്‍ അവ ചുരുക്കണമെന്ന് അദ്ദേഹം ഉപദേശിച്ചിരിക്കെയാണ്, ആ സമയം ഉപയോഗിച്ച് വിശ്വാസികളെ ആക്ഷേപിക്കാന്‍ ഇവിടെ ചിലര്‍ ശ്രമിക്കുന്നത്. ഇവര്‍ മാര്‍പാപ്പക്ക് എന്തെങ്കിലും വില കല്‍പിക്കുന്നുണ്ടോ?” അഡ്വ. ബോറിസ് പോള്‍ ചോദിക്കുന്നു.