IndiaNEWS

കേരളം ‘മിനി പാകിസ്ഥാൻ’ എന്ന്  മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെ, മന്ത്രി രാജിവെക്കണം എന്ന് വി.ഡി. സതീശൻ; വിവാദം കത്തുന്നു

മഹാരാഷ്ട്രയിൽ പുതുതായി മന്ത്രിസ്ഥാനമേറ്റ നിതേഷ് റാണെ കേരളത്തെയും ഗാന്ധികുടുംബത്തെയും കുറിച്ച് നടത്തിയ പരാമർശങ്ങൾ വിവാദമായി. പൂനെയിലെ സാസ്വാദിൽ നടന്ന ശിവപ്രതാപ് ദിന അനുസ്മരണ ചടങ്ങിൽ റാണെ കേരളത്തെ ‘മിനി പാകിസ്ഥാൻ’ എന്ന് വിശേഷിപ്പിച്ചത് വലിയ പ്രതിഷേധങ്ങൾക്കാണ്  വഴിവെച്ചിരിക്കുന്നത്.

രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും വോട്ട് ചെയ്യുന്നവരെ തീവ്രവാദികളെന്ന് മുദ്രകുത്തിയതും വിവാദത്തിന് ആക്കം കൂട്ടി. റാണെയുടെ പ്രസംഗത്തിൽ കേരളത്തിൽ നിന്നുള്ള ഹിന്ദു പ്രവർത്തകരെ പ്രശംസിക്കുന്നു എങ്കിലും, അദ്ദേഹത്തിന്റെ തുടർന്നുള്ള പരാമർശങ്ങളാണ് വിമർശനത്തിന് ഇടയാക്കിയത്.

Signature-ad

12,000 ഹിന്ദു പെൺകുട്ടികളുടെ ജീവൻ രക്ഷിച്ച കേരളത്തിലെ ഹിന്ദു പ്രവർത്തകരുടെ പ്രയത്നത്തെ അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു. എന്നാൽ, കേരളം ഒരു ‘മിനി പാകിസ്ഥാൻ’ ആണെന്നും, അതുകൊണ്ടാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അവിടെ നിന്ന് വിജയിച്ചതെന്നും റാണെ ചൂണ്ടിക്കാട്ടി.

”എല്ലാ തീവ്രവാദികളും അവർക്ക് വോട്ട് ചെയ്യുന്നു. തീവ്രവാദികളുടെ പിന്തുണയോടെ മാത്രമാണ് ഇവർ എംപിമാരാകുന്നത്”
റാണെ കൂട്ടിച്ചേർത്തു.

മതപരമായ ഘോഷയാത്രകളെക്കുറിച്ചും റാണെ സംസാരിച്ചു. ഹിന്ദു ആഘോഷങ്ങൾക്ക് മറ്റ് മതങ്ങൾക്കുള്ള അതേ സ്വാതന്ത്ര്യം അനുവദിക്കണമെന്നും അദ്ദേഹം വാദിച്ചു. ഹിന്ദുത്വ പ്രവർത്തകർ ആരെയും ഭയപ്പെടേണ്ടതില്ലെന്നും സർക്കാർ അവരുടെ കൂടെയുണ്ടെന്നും റാണെ ഉറപ്പുനൽകി. കാവി വസ്ത്രം ധരിച്ച മുഖ്യമന്ത്രിയാണ് സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

റാണെയുടെ ഈ പ്രസ്താവനകൾ പ്രതിപക്ഷ പാർട്ടികളിൽ നിന്ന് ശക്തമായ എതിർപ്പുകൾ ഉയർത്തായിട്ടുണ്ട്. മഹാരാഷ്ട്രയിലെ  അതുൽ ലോന്ദേ പാട്ടീൽ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾ റാണെ വിദ്വേഷം പ്രചരിപ്പിക്കുകയാണെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും ആരോപിച്ചു. പ്രധാനമന്ത്രി മോദിയും ദേവേന്ദ്ര ഫഡ്‌നാവിസും ഈ വിഷയത്തിൽ മൗനം പാലിക്കുന്നതിനെയും അതുൽ ലോന്ദേ പാട്ടീൽ വിമർശിച്ചു. ഇത്തരമൊരു പ്രസ്താവന നടത്തിയ റാണെ മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമാന രീതിയിൽ നേരത്തെയും നിരവധി വിദ്വേഷ പരാമർശങ്ങൾ നടത്തിയിട്ടുള്ള നേതാവാണ് നിതേഷ് റാണെ.

കേരളത്തെ മിനി പാകിസ്താനെന്നു വിളിച്ച്‌ ആക്ഷേപിക്കുകയും രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അപമാനിക്കുകയും ചെയ്ത മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാവ് നിതീഷ് റാണെ മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.
സതീശൻ ആവശ്യപ്പെട്ടു.

സംഘ്പരിവാര്‍ നേതൃത്വത്തെ സന്തോഷിപ്പിക്കുന്നതിനു വേണ്ടി കേരളത്തിലെ സി.പി.എം തുടങ്ങി വെച്ച വര്‍ഗീയ പരാമര്‍ശമാണ് ഇപ്പോള്‍ ബി.ജെ.പി ദേശീയ തലത്തിലും ഏറ്റെടുത്തിരിക്കുന്നത്. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് എതിരെ ബി.ജെ.പി ആയുധം നല്‍കുന്നതായിരുന്നു സി.പി.എം നേതാവ് എ. വിജയരാഘവന്‍ പ്രിയങ്കാ ഗാന്ധിയുടെ വയനാട്ടിലെ വിജയം സംബന്ധിച്ച്‌ നടത്തിയ പ്രസ്താവന. വിജയരാഘവനെ തിരുത്തുന്നതിനു പകരം സി.പി.എം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ അതിനെ പ്രോത്സാഹിപ്പിച്ചത് എന്തിനു വേണ്ടിയായിരുന്നെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്.

കേരളം മിനി പാക്കിസ്ഥാനാണെന്നുള്ള മഹാരാഷ്ട്ര മന്ത്രി നിതീഷ് റാണെയുടെ പ്രസ്താവനയെ കേരളീയ കേന്ദ്ര സംഘടന ശക്തമായി അപലപിപ്പിച്ചു. നിരുത്തരവാദപരമായ ഇത്തരം പ്രസ്താവനകള്‍, മുംബൈയിലെ മലയാളി സമൂഹം ആശങ്കയോടെയാണ് കാണുന്നതെന്ന് കേരളീയ കേന്ദ്ര സംഘടന (മുംബൈ) ജനറല്‍ സെക്രട്ടറി മാത്യു തോമസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: