തൃശൂർ കുന്നംകുളത്ത് വീട്ടമ്മയെ കഴുത്തറുത്ത് കൊന്നു. ആർത്താറ്റ് പള്ളിക്ക് സമീപം കിഴക്കുമുറി നാടൻചേരി വീട്ടിൽ മണികണ്ഠന്റെ ഭാര്യ സിന്ധു (55)വാണ് കൊല്ലപ്പെട്ടത്. രക്ഷപ്പെട്ട പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ ചീരംകുളത്തു നിന്ന് കുന്നംകുളം പോലീസ് പിടികൂടി.
മുതുവറ സ്വദേശി കണ്ണനാണ് പിടിയിലായത്. ഇയാളുടെ കയ്യിൽ നിന്നും രക്തത്തിൽ കുളിച്ച നിലയിൽ വീട്ടമ്മയിൽ നിന്ന് കവർന്ന സ്വർണ്ണാഭരണങ്ങൾ കണ്ടെടുത്തു. കൊലപാതക ശേഷം വീടിനു പുറകിലെ പാടം വഴി രക്ഷപ്പെട്ട ഇയാളെ ചീരംകുളം അമ്പലത്തിനു സമീപത്ത് വച്ച് നാട്ടുകാർ ചേർന്ന് സംശയാസ്പദ നിലയിൽ പിടികൂടുകയായിരുന്നു. തുടർന്ന് പോലീസ് എത്തി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ വിവരം വെളിവായത്.
തിങ്കളാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം. സിന്ധുവിന്റെ ഭർത്താവ് വീട്ടുസാധനങ്ങൾ വാങ്ങാൻ പുറത്തുപോയ സമയത്താണ് അരുംകൊല നടന്നത്. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. അജ്ഞാതനായ യുവാവ് വീട്ടിലേക്ക് കയറിപ്പോകുന്നത് ചിലരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. വീടിനോട് ചേർന്ന് ധാന്യങ്ങൾ പൊടിക്കുന്ന മില്ല് നടത്തുകയായിരുന്നു ഇവർ.
ഭർത്താവ് വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. കഴുത്ത് അറുത്തുമാറ്റിയ നിലയിലായിരുന്നു. സിന്ധുവിൻ്റെ ദേഹത്ത് ഉണ്ടായിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നു. മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്ന് അപ്പോൾ തന്നെ വ്യക്തമായിരുന്നു.