
തിരുവനന്തപുരം: സിനിമാ – സീരിയല്‍ നടന്‍ ദിലീപ് ശങ്കര്‍ ഹോട്ടലിനുള്ളില്‍ മരിച്ച നിലയില്‍. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലാണു നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു ദിവസം മുന്‍പാണു ദിലീപ് ശങ്കര്‍ ഹോട്ടലില്‍ മുറിയെടുത്തത്. എന്നാല്‍ മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ലെന്നാണ് വിവരം.
ഇന്നു രാവിലെ ദുര്‍ഗന്ധം വമിച്ചതോടെ ഹോട്ടല്‍ ജീവനക്കാര്‍ മുറി തുറന്നു നോക്കി. ഇതോടെയാണു നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

എറണാകുളത്താണു ദിലീപ് ശങ്കറിന്റെ വീട്. സീരിയല്‍ ഷൂട്ടിങ്ങിനായാണ് തിരുവനന്തപുരത്ത് എത്തിയത്. ഷൂട്ടിങ്ങിനു രണ്ടു ദിവസം ഇടവേള ഉണ്ടായിരുന്നുവെന്നും തങ്ങളില്‍ പലരും വിളിച്ചിട്ടും ദിലീപ് ശങ്കര്‍ ഫോണെടുത്തിരുന്നില്ലെന്നും സീരിയല്‍ സംവിധായകന്‍ മനോജ് പറഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങള്‍ ദിലീപിനുണ്ടായിരുന്നുവെന്നാണ് വിവരം.