MovieNEWS

‘രണ്ടാമൂഴം’ വെള്ളിത്തിരയിലെത്തുമെന്നുറപ്പ്; സംവിധായകനെ ശുപാര്‍ശ ചെയ്തത് മണിരത്‌നം? തള്ളി എംടിയുടെ കുടുംബം

കോഴിക്കോട്: ‘രണ്ടാമൂഴം’ നോവല്‍ സിനിമയാക്കണമെന്ന എം.ടി.വാസുദേവന്‍ നായരുടെ സ്വപ്നം സാക്ഷാല്‍ക്കരിക്കാനൊരുങ്ങി കുടുംബം. പാന്‍ ഇന്ത്യന്‍ സിനിമയായി വിവിധ ഭാഷകളില്‍ റിലീസ് ചെയ്യാന്‍ കഴിയുന്ന പ്രശസ്ത സംവിധായകനാണ് എംടി ആഗ്രഹിച്ചതുപോലെ രണ്ടു ഭാഗങ്ങളായി ചിത്രം ഒരുക്കുക. വൈകാതെ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. എംടിയുടെ കൂടി താല്‍പര്യപ്രകാരം നേരത്തേതന്നെ ഈ സംവിധായകനുമായി പ്രാരംഭചര്‍ച്ച തുടങ്ങിയിരുന്നു.

പ്രശസ്ത സംവിധായകന്‍ മണിരത്‌നം ഈ സിനിമ സംവിധാനം ചെയ്യണമെന്ന് എംടി ആഗ്രഹിച്ചിരുന്നു. 6 മാസത്തോളം മണിരത്‌നത്തിനു വേണ്ടി എംടി കാത്തിരിക്കുകയും ചെയ്തു. എന്നാല്‍, ഇത്രയും വലിയ കാന്‍വാസില്‍ ഈ സിനിമ ചെയ്യാന്‍ തനിക്ക് കൂടുതല്‍ സമയം വേണ്ടി വരുമെന്നു പറഞ്ഞ് മണിരത്‌നം പിന്നീടു പിന്മാറുകയായിരുന്നു. മണിരത്‌നം തന്നെയാണ് ഇപ്പോഴത്തെ സംവിധായകനെ എംടിക്കു ശുപാര്‍ശ ചെയ്തത്. ഈ സംവിധായകന്‍ എംടിയുമായി ചര്‍ച്ച നടത്താന്‍ കോഴിക്കോട്ടു വരാനിരുന്നപ്പോഴാണ് അഞ്ചു മാസം മുന്‍പ് എംടിയെ ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് രോഗം ഏറിയും കുറഞ്ഞും ഇരുന്നതിനാല്‍ കൂടിക്കാഴ്ച നടക്കാതെ പോയി. രണ്ടാമൂഴത്തിന്റെ തിരക്കഥ മലയാളത്തിലും ഇംഗ്ലിഷിലും വര്‍ഷങ്ങള്‍ക്കു മുന്‍പേ എംടി പൂര്‍ത്തിയാക്കിയിരുന്നു. 5 മണിക്കൂറോളം ദൈര്‍ഘ്യമുണ്ട്.

Signature-ad

പല വന്‍കിട കമ്പനികളും ഈ തിരക്കഥ സിനിമയാക്കാന്‍ ശ്രമിച്ചെങ്കിലും പല കാരണങ്ങളാല്‍ നടക്കാതെ പോയി. സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമായി കരാര്‍ ഒപ്പിട്ടിരുന്നെങ്കിലും നിര്‍മാണം തുടങ്ങുന്നതു നീണ്ടുപോയതിനെത്തുടര്‍ന്ന് എംടി നിയമ നടപടികളിലൂടെ കരാറില്‍നിന്നു പിന്‍വാങ്ങുകയായിരുന്നു.

പിന്നീടാണ് മകള്‍ അശ്വതി വി.നായരെ തിരക്കഥ ഏല്‍പിച്ച് സിനിമ എത്രയും വേഗം പുറത്തിറക്കാന്‍ നടപടി ആരംഭിച്ചത്. ഇപ്പോള്‍ കണ്ടെത്തിയ സംവിധായകന്റെ നിര്‍മാണക്കമ്പനിയും എംടിയുടെ കുടുംബം ഉള്‍പ്പെടുന്ന കമ്പനിയും ചേര്‍ന്നാണ് രണ്ടാമൂഴം നിര്‍മിക്കുക. എംടിയുടെ 9 ചെറുകഥകള്‍ ചേര്‍ത്ത് 9 സംവിധായകര്‍ സംവിധാനം ചെയ്ത് ഈയിടെ ഒടിടിയില്‍ റിലീസ് ചെയ്ത ‘മനോരഥങ്ങള്‍’ എന്ന സിനിമ നിര്‍മിച്ചത് എംടിയുടെ കുടുംബം ഉള്‍പ്പെടുന്ന നിര്‍മാണക്കമ്പനിയാണ്.

അതേസമയം, എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ രണ്ടാമൂഴം ഒരുങ്ങാനിരിക്കെ സിനിമയുടെ സംവിധായകനെ നിര്‍ദേശിച്ചത് മണിരത്‌നമാണെന്നുള്ള പ്രചരണം തെറ്റാണെന്ന് എം.ടിയുടെ മകള്‍ അശ്വതി. രണ്ടാമൂഴം സിനിമയ്ക്ക് ആവശ്യമായ എല്ലാ റഫറന്‍സ് മെറ്റീരിയലുകളുടെയും വിശദാംശങ്ങള്‍ സീന്‍ ബൈസീന്‍ എങ്ങനെയായിരിക്കണമെന്നും കഥാപാത്രങ്ങളുടെ മാനറിസവും വേഷവിധാനവും പ്രോപ്പര്‍ട്ടികളുടെ വിവരണങ്ങളും വരെ എം.ടി വിശദീകരിക്കുന്ന വീഡിയോ ഡോക്യുമെന്റ് ഉള്‍പ്പെടെയാണ് സംവിധായകന് തിരക്കഥ നല്‍കിയിട്ടുള്ളത്. ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളോട് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അശ്വതി പറഞ്ഞു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: